മുംബൈ: മുംബൈയില്‍ നാല് വയസ്സുള്ള ബാലനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ അറസ്റ്റിലായി. സംഭവം നടന്ന് രണ്ട് ദിവസത്തിന് ശേഷം ഗുജറാത്തിലെ സൂറത്തില്‍ നിന്നാണ് പ്രതിയെ പോലീസ് പൊക്കിയത്. മുംബൈ കാണ്ടിവാലിയില്‍നിന്നാണ് ഇയാള്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയത്.

പ്രതിയെ ബുധനാഴ്ച മുംബൈയിലേക്ക് കൊണ്ടുവരും. സംഭവത്തിന്റെ ഉദ്ദേശ്യവും പ്രവര്‍ത്തനരീതിയും സംബന്ധിച്ച് ഇയാളെ വിശദമായി ചോദ്യം ചെയ്യുമെന്ന് പൊലീസ് പറഞ്ഞു. മുംബൈ കാണ്ടിവാലിയില്‍ മാതാവിനൊപ്പം താമസിക്കുന്ന അന്‍ഷ് അന്‍സാരി എന്ന കുട്ടിയെ ആണ് കഴിഞ്ഞ ശനിയാഴ്ച ഇറാനിവാഡിയിലെ റോഡില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

ഇക്കഴിഞ്ഞ വ്യാഴാഴ്ച അന്‍ഷ് അന്‍സാരിയും മാതാവും മുത്തശ്ശിയെ കാണാന്‍ പോയിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെ പുറത്ത് ഉറങ്ങിക്കിടന്നപ്പോള്‍, സൈക്കിളില്‍ എത്തിയ ഒരാള്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയി, കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവന്ന് പൊലീസ് പറഞ്ഞു. 45 മിനിറ്റിനുശേഷം മൃതദേഹം തിരികെ ഉപേക്ഷിച്ചു.

വസ്ത്രങ്ങള്‍ നനഞ്ഞിരുന്നതിനാല്‍ മുങ്ങിമരിച്ചതായിരിക്കാമെന്ന് പോലീസ് ആദ്യം സംശയിച്ചു. എന്നാല്‍, കൂടുതല്‍ അന്വേഷണത്തില്‍ കഴുത്തില്‍ ശ്വാസം മുട്ടിച്ചതിന്റെ പാടുകള്‍ കണ്ടെത്തുകയായിരുന്നു. കൂട്ടു പ്രതികളെ അടക്കം അന്വേഷിക്കുന്നതായി പൊലീസ് പറഞ്ഞു.