കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ നരേന്ദ്രപൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ആനന്ദപൂര്‍ പ്രദേശത്തെ നസീറാബാദിലെ ഡ്രൈ ഫുഡ് ഗോഡൗണില്‍ ഞായറാഴ്ച പുലര്‍ച്ചെയുണ്ടായ വന്‍ തീപിടിത്തത്തില്‍ മൂന്ന് മരണം സ്ഥിരീകരിച്ചു. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് തീപിടിത്തം ഉണ്ടായത്. മണിക്കൂറുകളോളം തീ ആളിപ്പടര്‍ന്നു. ഏഴ് മണിക്കൂറിനുശേഷമാണ് തീ നിയന്ത്രണവിധേയമാക്കാനായത്.

ബരുയിപൂര്‍ ജില്ലാ പൊലീസ് സൂപ്രണ്ട് ശുഭേന്ദ്ര കുമാര്‍ പിന്നീട് മൂന്ന് പേരുടെ മരണം സ്ഥിരീകരിച്ചു. എന്നാല്‍ മരിച്ചവരെ ഇതുവരെ തിരിച്ചറിയാനായിട്ടില്ല. പലരും അവരുടെ കുടുംബാംഗങ്ങളെ കാണാനില്ലെന്ന പരാതിയുമായി എത്തുന്നുണ്ട്. അതിനാല്‍, മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് അധികൃതര്‍ കരുതുന്നത്. നിരവധി തൊഴിലാളികള്‍ ഡ്യൂട്ടിയിലായിരുന്ന സമയത്താണ് തീപിടിത്തമുണ്ടായതെന്ന് നാട്ടുകാര്‍ പറഞ്ഞു.

പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് മുന്നറിയിപ്പ് ലഭിച്ചതെന്നും ഉടന്‍ തന്നെ സ്ഥലത്തെത്തിയെന്നും അഗ്‌നിശമന സേന ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന എല്ലാ സാധനങ്ങളും കത്തിനശിച്ചതായി അഗ്‌നിശമന സേന ഉദ്യോഗസ്ഥര്‍ പറഞ്ഞു. നാശനഷ്ടത്തിന്റെ വ്യാപ്തി ഇതുവരെ വിലയിരുത്താനായിട്ടില്ല. ഗോഡൗണിന് പിന്നിലുള്ള റെസിഡന്‍ഷ്യല്‍ കെട്ടിടത്തിലെ ആളുകളെ ഉടന്‍ ഒഴിപ്പിച്ചതായി ഒരു അഗ്‌നിശമന സേനാ ഉദ്യോഗസ്ഥന്‍ പറഞ്ഞു. തീപിടിത്തത്തിന്റെ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല.