ഷിംല: ഹിമാചൽ പ്രദേശിൽ മണ്ണിടിച്ചിലിൽ മൂന്ന് പേർ മരിച്ചു. അഞ്ച് വീടുകൾ തകർന്നു. സിർമൗർ ജില്ലയിലെ നൗഹ്‌റാധറിലെ ചൗക്കാർ ഗ്രാമത്തിന് സമീപത്താണ് മണ്ണിടിച്ചിലുണ്ടായത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയെ തുടർന്നുള്ള കനത്ത നാശനഷ്ടമുണ്ടായി. സംസ്ഥാനത്ത് വിവിധ ഭാഗങ്ങിൽ മേഘവിസ്ഫോടനവും പ്രളയവും ഉണ്ടായി. ഇന്ന് നാലിടങ്ങളിൽ മണ്ണിടിച്ചിലുണ്ടായി. ഷിംല, സിർമൗർ, കിനൗർ, അഘാര എന്നിവിടങ്ങളിലും മണ്ണിടിച്ചിലുണ്ടായത്.

അഘാരയിൽ, ജമ്മു കശ്മീരിൽ നിന്നുള്ള ഏഴ് തൊഴിലാളികളെ കാണാതായിട്ടുണ്ട്. ഇതിൽ മൂന്ന് പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. നിരവധി റോഡുകളും തകരാറിലായിട്ടുണ്ട്. ഞായറാഴ്ചയാണ് സിർമൗർ ജില്ലയിൽ മണ്ണിടിച്ചിൽ ഉണ്ടായത്. ഏകദേശം 200 മീറ്ററോളം നീളത്തിൽ മലയുടെ വലിയൊരു ഭാഗം ഇടിഞ്ഞു താഴുകയായിരുന്നു. അപകടസമയത്ത് സ്ഥലത്തുണ്ടായിരുന്ന അഞ്ച് പേർ സുരക്ഷിതരാണെങ്കിലും, സമീപത്തുണ്ടായിരുന്ന അഞ്ച് വീടുകൾ അപകട ഭീഷണിയിലാണ്. ഈ മേഖലയിൽ കനത്ത മഴ തുടരുകയാണ്.

മേഘവിസ്ഫോടനം, ഉരുൾപൊട്ടൽ, മിന്നൽ പ്രളയം എന്നിവ കാരണം സംസ്ഥാനത്തിനുണ്ടായ മൊത്തം നാശനഷ്ടം 3,056 കോടി രൂപയാണെന്ന് മുഖ്യമന്ത്രി സുഖ്‍വീന്ദർ സിങ് സുഖു അറിയിച്ചു. റോഡുകൾ, പാലങ്ങൾ, കുടിവെള്ള വിതരണ സംവിധാനങ്ങൾ, ഊർജ്ജ കേന്ദ്രങ്ങൾ എന്നിവയ്ക്ക് കാര്യമായ നാശനഷ്ടമുണ്ടായിട്ടുണ്ട്. കാണാതായവർക്കായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. വടക്കേന്ത്യൻ സംസ്ഥാനങ്ങളിൽ ഈ മാസവും ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.