മധുര: ഒരു വയസായ കുഞ്ഞിന് ശ്വാസ തടസവും ചുമയും പനിയും അതിരൂക്ഷമായതോടെ വീട്ടുകാര്‍ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചു. അവശനിലയില്‍ എത്തിച്ച കുട്ടിയെ പരിശോധിച്ചപ്പോള്‍ പിഞ്ചുകുഞ്ഞിന്റെ ശ്വാസനാളത്തില്‍ നിന്ന് എല്‍ഇഡി ബള്‍ബ് കുടുങ്ങിയതായി കണ്ടെത്തി. തുടര്‍ന്ന് സര്‍ജറിയിലൂടെ എല്‍ഇഡി ബാള്‍ബ് പുറത്തെടുക്കുകയായിരുന്നു.

പരിശോധനയില്‍ ശ്വാസനാളിയില്‍ എന്തോ തടഞ്ഞ് നില്‍ക്കുന്നതായി വ്യക്തമായി. ഇതോടെ ശ്വാസകോശ വിദഗ്ധര്‍, പീഡിയാട്രിക് സര്‍ജന്മാര്‍, അനസ്തെറ്റിസ്റ്റ് തുടങ്ങിയവരുടെ സംഘം കുട്ടിയെ പരിശോധിച്ച് മൂന്ന് മണിക്കൂര്‍ നീണ്ട ശ്രമത്തിലാണ് ശ്വാസനാളിയില്‍ നിന്നുള്ള അന്യവസ്തു പുറത്തെടുത്തത്. ഈ സംഘത്തിന്റെ നേതൃത്വത്തില്‍ ബ്രോങ്കോസ്‌കോപ്പി പ്രക്രിയയിലൂടെയാണ് ബള്‍ബ് പുറത്തെടുത്തത്.

കുട്ടിയുടെ ജീവന് ആപത്തില്ലാതെ ബള്‍ബ് പുറത്തെടുത്ത മെഡിക്കല്‍ സംഘത്തിന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ അഭിനന്ദിച്ചു. തമിഴ്‌നാട്ടിലെ മധുരയിലാണ് സംഭവം. കളിപ്പാട്ടത്തിന്റെ റിമോട്ടില്‍ നിന്നുള്ള എല്‍ഇഡി ബള്‍ബാണ് ഒരു വയസുകാരി അബദ്ധത്തില്‍ വിഴുങ്ങിയത്. തുടര്‍ന്ന് വീട്ടുകാര്‍ പെണ്‍കുഞ്ഞിനെ മധുര ഗവ. രാജാജി ആശുപത്രില്‍ എത്തിക്കുകയായിരുന്നു.