ന്യൂഡല്‍ഹി: രാജ്യത്ത് പാചകവാതക ക്ഷാമം രൂക്ഷമായതോടെ പൂഴ്ത്തിവയ്പ്പും കരിഞ്ചന്തയും വര്‍ധിക്കുന്നു. ഇതിന്റെ ഭാഗമായി ഡല്‍ഹിയിലെ ബവാനയില്‍ സിലിണ്ടറുകള്‍ അനധികൃതമായി സംഭരിച്ച് വില്‍പന നടത്തിയിരുന്ന സംഘത്തെ പൊലീസ് പിടികൂടി. രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ 75 സിലിണ്ടറുകള്‍ പിടിച്ചെടുത്തു. സംഘത്തിലെ പ്രധാനിയായ അനിലിനെ അറസ്റ്റ് ചെയ്തു.

ബവാന ഡിസ്ട്രിക്റ്റ് പാര്‍ക്കിന് സമീപം പിക്കപ്പ് ട്രക്ക് തടഞ്ഞുനിര്‍ത്തി നടത്തിയ പരിശോധനയിലാണ് ആദ്യം 27 സിലിണ്ടറുകള്‍ കണ്ടെത്തിയത്. തുടര്‍ന്ന് പ്രതിയെ ചോദ്യം ചെയ്തതോടെ ഫാക്ടറി പരിസരത്തെ ഷെഡില്‍ ഒളിപ്പിച്ചിരുന്ന 48 സിലിണ്ടറുകള്‍ കൂടി പൊലീസ് കണ്ടെടുത്തു. യാതൊരുവിധ സുരക്ഷാ മുന്‍കരുതലുകളോ മതിയായ രേഖകളോ ഇല്ലാതെയാണ് ഇവ സൂക്ഷിച്ചിരുന്നതെന്ന് പൊലീസ് അറിയിച്ചു.

പശ്ചിമേഷ്യയില്‍ യുഎസ്-ഇസ്രയേല്‍, ഇറാന്‍ സംഘര്‍ഷം തുടരുന്നതും ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള ഇന്ധന വിതരണത്തില്‍ തടസ്സങ്ങള്‍ നേരിടുന്നതുമാണ് ഇന്ത്യയില്‍ നിലവിലെ എല്‍പിജി പ്രതിസന്ധിക്ക് കാരണമായത്. ഈ വിതരണ ശൃംഖലയിലെ പാളിച്ചകള്‍ മുതലെടുത്താണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സമാനമായ രീതിയില്‍ കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും വ്യാപകമാകുന്നത്.