ഡൽഹി: അഫ്‌ഗാനിസ്ഥാനിൽ സ്ത്രീകളുടെയും പെൺകുട്ടികളുടെയും വിദ്യാഭ്യാസം നിഷേധിക്കുന്ന താലിബാനെതിരെ രം​ഗത്തിറങ്ങാൻ മുസ്ലീം നേതാക്കളോട് അഭ്യർഥനയുമായി നോബൽ സമ്മാന ജേതാവ് മലാല യൂസഫ്സായി ആഹ്വാനം ചെയ്തു. ഇസ്ലാമാബാദിൽ പെൺകുട്ടികളുടെ വിദ്യാഭ്യാസ പുരോഗതിയെക്കുറിച്ച് ചർച്ച ചെയ്യാൻ ഒത്തുകൂടിയ മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളെ അഭിസംബോധന ചെയ്യവെയാണ് മലാല ഇക്കാര്യം വ്യക്തമാക്കിയത്.

താലിബാൻ സ്ത്രീകളെ മനുഷ്യരായി കാണുന്നില്ലെന്ന് അഫ്ഗാൻ സ്ത്രീകളുടെ അവകാശങ്ങളെ താലിബാൻ അടിച്ചമർത്തുന്നതിനെ അപലപിച്ചുകൊണ്ട് യൂസഫ്സായി വ്യക്തമാക്കി. അവർ തങ്ങളുടെ കുറ്റകൃത്യങ്ങളെ സാംസ്കാരികവും മതപരവുമായ ന്യായീകരണം കൊണ്ട് മറയ്ക്കുകയാണെന്നും മലാല കുറ്റപ്പെടുത്തി.

അതേസമയം, സമ്മേളനത്തിൽ പങ്കെടുക്കാൻ ക്ഷണിച്ചിട്ടും അഫ്ഗാൻ താലിബാൻ പ്രതിനിധികൾ പങ്കെടുത്തില്ല. കാബൂളിൽ നിന്നുള്ള പ്രതിനിധി സംഘത്തിൻ്റെ അസാന്നിധ്യം പാകിസ്ഥാൻ വിദ്യാഭ്യാസ മന്ത്രി ഖാലിദ് മഖ്ബൂൽ സിദ്ദിഖി പറഞ്ഞു.