ചെന്നൈ: താംബരത്ത് എട്ടുവയസുകാരിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ മലയാളി യുവാവ് അറസ്റ്റില്‍. മലപ്പുറം പെരിന്തല്‍മണ്ണ മങ്ങാട് സ്വദേശി നിഷാഹുദ്ദീന്‍ (30) ആണ് പോക്സോ വകുപ്പില്‍ പൊലീസ് പിടിയിലായത്.

ഞായറാഴ്ച വൈകിട്ട് സേലയൂര്‍ രാജേശ്വരി നഗറില്‍ മദ്യലഹരിയിലായിരുന്ന പ്രതി കുട്ടിയെ സമീപിച്ച് അപമര്യാദയായി പെരുമാറുകയായിരുന്നു. വിവരം മറ്റു കുട്ടികള്‍ ബന്ധുക്കളെ അറിയിച്ചതോടെ നാട്ടുകാര്‍ ഇടപെട്ടെങ്കിലും, യുവാവ് സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. പിന്നീട് നാട്ടുകാര്‍ ചേര്‍ന്ന് പിന്തുടര്‍ന്ന് പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു.

ഈസ്റ്റ് താംബരത്ത് താമസിച്ച് ബേക്കറിയില്‍ ജോലി ചെയ്തുവരികയായിരുന്നു പ്രതി. അറസ്റ്റിലായ ഇയാളെ പോക്സോ നിയമപ്രകാരം കോടതിയില്‍ ഹാജരാക്കി. സംഭവം പ്രദേശത്ത് വ്യാപക പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.