ഊട്ടി: കനത്തമഴയെ തുടര്‍ന്ന് വീടിനുമുകളിലേക്ക് മണ്ണിടിഞ്ഞുവീണ് കൂനൂരില്‍ മലയാളി അധ്യാപിക മരിച്ചു. പാലക്കാട് രാമശ്ശേരി സ്വദേശിനിയും കൂനൂരില്‍ സ്വകാര്യ സ്‌കൂള്‍ അധ്യാപികയുമായ ജയലക്ഷ്മി (42) ആണ് മരിച്ചത്. കൂനൂര്‍ കൃഷ്ണപുരത്തെ രവീന്ദ്രനാഥിന്റെ ഭാര്യയാണ്. കൂനൂരില്‍ കനത്തമഴ പെയ്തതിനെ തുടര്‍ന്ന് ഞായറാഴ്ചരാത്രി പത്തു മണിയോടെ രവീന്ദ്രനാഥിന്റെ വീട്ടില്‍ വെള്ളംകയറാന്‍ തുടങ്ങി.

ജയലക്ഷ്മി വീട്ടിനുള്ളിലെ വെള്ളം പുറത്തേക്ക് കളയാന്‍ ശ്രമിക്കുമ്പോള്‍ മുന്നിലുള്ള മണ്‍തിട്ട ഇടിഞ്ഞു വിഴുകയായിരുന്നു. ജയലക്ഷ്മി ഉള്ളിലകപ്പെട്ടു. അഗ്‌നിരക്ഷാസേനയെത്തി മണിക്കൂറുകള്‍ ശ്രമിച്ച് ജയലക്ഷ്മിയെ പുറത്തെടുത്തെങ്കിലും മരിച്ചിരുന്നു. വീട്ടിനുള്ളില്‍ അകപ്പെട്ട രവീന്ദ്രനാഥിനെയും രണ്ട് കുട്ടികളെയും അഗ്‌നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്ന് പുറത്തേക്കെത്തിച്ചു. ഇവര്‍ക്ക് കാര്യമായ പരിക്കുകളില്ല.

കാര്‍ത്തിക ബാലന്റെയും പത്മജ റാണിയുടെയും മകളാണ് ജയലക്ഷ്മി. സഹോദരങ്ങള്‍: സുബ്രഹ്‌മണ്യന്‍, കതിര്‍വേലു (ഇരുവരും ബെംഗളൂരു). സംസ്‌കാരം ഊട്ടിയില്‍ നടത്തി. തമിഴ്‌നാട് നിയമസഭ ചീഫ് വിപ്പ് കെ. രാമചന്ദ്രന്‍ വീട്ടിലെത്തി ആദരാഞ്ജലിയര്‍പ്പിച്ചു. ജയലക്ഷ്മിയുടെ കുടുംബത്തിന് തമിഴ്‌നാട് സര്‍ക്കാരിന്റെ ധനസഹായമായി നാലു ലക്ഷം രൂപ കൈമാറി.