ലഖ്‌നൗ: ഭാര്യയും കാമുകനും തമ്മിലുള്ള വിവാഹത്തിന് മുൻകൈയെടുത്ത് ഭർത്താവ്. ഉത്തർപ്രദേശിലെ അമേഠിയിൽ ഞായറാഴ്ച വൈകുന്നേരം നടന്ന ഈ സംഭവം നാടിന് വിസ്മയക്കാഴ്ചയൊരുക്കി. പരമ്പരാഗത ചടങ്ങുകളോടെ നടന്ന വിവാഹത്തിൽ, ഭാര്യയെ കാമുകന് കൈപിടിച്ച് നൽകിയ ശേഷം ഭർത്താവ് വിടപറഞ്ഞു.

ഇൻഡസ്ട്രിയൽ ഏരിയയിലെ ആദിത്യ ബിർള ക്ഷേത്രത്തിൽ ബന്ധുക്കളുടെയും ഗ്രാമവാസികളുടെയും സാന്നിധ്യത്തിലാണ് വിവാഹം നടന്നത്. മാല കൈമാറ്റം, സിന്ദൂര ചടങ്ങ് ഉൾപ്പെടെയുള്ള എല്ലാ ഹൈന്ദവ ആചാരങ്ങളും പൂർത്തിയാക്കിയാണ് വധൂവരന്മാർ ഒന്നിച്ചത്.

അമേഠിയിലെ കമ്രൗലി പൊലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട സിന്ദുർവ ഗ്രാമത്തിലെ ദിന കാ പൂർവയിൽ താമസിക്കുന്ന ശിവശങ്കറാണ് ഭാര്യയായ ഉമയെ കാമുകനായ വിശാലിനൊപ്പം സന്തോഷത്തോടെ പറഞ്ഞുവിട്ടത്. ഈ വർഷം മാർച്ച് 2നാണ് ശിവശങ്കർ ഉമയെ വിവാഹം കഴിച്ചത്. വിവാഹിതയായെങ്കിലും ഉമ തന്റെ മുൻ കാമുകനായ വിശാലുമായുള്ള ബന്ധം തുടർന്നു. ഫോണിലൂടെയും രഹസ്യ കൂടിക്കാഴ്ചകളിലൂടെയും ബന്ധം ശക്തിപ്പെട്ടതോടെ ദമ്പതികൾക്കിടയിൽ തർക്കങ്ങളുണ്ടായി.

തുടക്കത്തിൽ ബന്ധം ഉപേക്ഷിക്കാൻ ശിവശങ്കർ ഭാര്യയെ ഉപദേശിച്ചെങ്കിലും ഉമ വഴങ്ങിയില്ല. മെയ് 29ന് ഉമ മാതാപിതാക്കളുടെ വീട്ടിലേക്ക് പോകുകയും ഓഗസ്റ്റിൽ തിരിച്ചെത്തിയിട്ടും ബന്ധം തുടരുകയും ചെയ്തു. ഒരു രാത്രി വൈകി വിശാലുമായി ഉമ സംസാരിക്കുന്നത് കണ്ടതോടെ ശിവശങ്കർക്ക് സംശയം ശക്തമായി. പ്രശ്നം പൊലീസിലെത്തിയെങ്കിലും, പിന്നീട് പരസ്പര ധാരണയോടെ വേർപിരിയാനും ഉമ വിശാലിനെ ഔദ്യോഗികമായി വിവാഹം കഴിക്കാനും തീരുമാനമെടുത്തു.