- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മണിപ്പൂരില്‍ സംഘര്‍ഷം: മൂന്ന് ജില്ലകളില്‍ കര്‍ഫ്യൂ; ആവശ്യ സേവനങ്ങളെ ഒഴിവാക്കി
മണിപ്പൂരിലെ മൂന്ന് ജില്ലകളില്‍ കര്‍ഫ്യൂ
മണിപ്പൂര്‍: ക്രമസമാധാന പ്രശ്‌നങ്ങള്‍ രൂക്ഷമായതോടെ മണിപ്പൂരിലെ മൂന്ന് ജില്ലകളില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി. ഇംഫാല്‍ ഈസ്റ്റ്, ഇംഫാല്‍ വെസ്റ്റ്, തൗബല്‍ ജില്ലകളിലാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്. ജില്ലാ മജിസ്‌ട്രേറ്റ് ഇന്ന് പുറപ്പെടുവിച്ച ഉത്തരവില്‍, മുമ്പ് പുറപ്പെടുവിച്ച കര്‍ഫ്യൂ ഇളവുകള്‍ റദ്ദാക്കുകയും രാവിലെ 11.30 മുതല്‍ മൊത്തം കര്‍ഫ്യൂ നടപ്പാക്കുകയും ചെയ്തു. ആരോഗ്യം, വൈദ്യുതി, മുനിസിപ്പല്‍ ജീവനക്കാര്‍, മാധ്യമപ്രവര്‍ത്തകര്‍, കോടതി പ്രവര്‍ത്തനങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള അവശ്യ സേവനങ്ങളെ കര്‍ഫ്യുവില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ഭാരതീയ നാഗരിക് സുരക്ഷാസംഹിതയുടെ 1653 വകുപ്പ് പ്രകാരം തൗബല്‍ ജില്ലാ മജിസ്‌ട്രേറ്റ് പുറപ്പെടുവിച്ച നിരോധന ഉത്തരവ് പ്രകാരം കൂട്ടംകൂടുന്നത് നിയന്ത്രിക്കുകയും തോക്കുകളും ആയുധങ്ങളും കൈവശം വയ്ക്കുന്നത് നിരോധിക്കുകയും നിയമലംഘകര്‍ക്ക് പിഴ ചുമത്തുകയും ചെയ്യും. അവശ്യസേവനങ്ങളെ ഇതില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
കാങ്പോക്പിയില്‍ രണ്ട് വിഭാഗങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഇന്നലെ ഒരു വിമുക്തസൈനികനും സ്ത്രീയും കൊല്ലപ്പെട്ടിരുന്നു. പ്രദേശത്തെ ചില വീടുകള്‍ അക്രമികള്‍ തീയിട്ടു. പ്രദേശവാസികള്‍ മറ്റിടങ്ങളിലേക്കു പലായനം ചെയ്തതായാണ് വിവരം. ഇരുവിഭാഗങ്ങളും തമ്മില്‍ നടന്ന സംഘര്‍ഷത്തിനിടെ പ്രദേശത്ത് ബോംബേറുണ്ടായതായി പ്രദേശവാസികള്‍ പറയുന്നു. തിങ്കളാഴ്ച രാത്രി സിആര്‍പിഎഫ് സംഘത്തിനുനേരെയും ആക്രമണമുണ്ടായിരുന്നു.
മണിപ്പൂരില്‍ തുടരുന്ന ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങളില്‍നിന്ന് സംരക്ഷണം ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ ഇന്നലെ തെരുവിലിറങ്ങിയിരുന്നു. സെക്രട്ടേറിയറ്റിനും രാജ്ഭവനും മുന്നില്‍ ധര്‍ണ നടത്തിയ വിദ്യാര്‍ഥികള്‍ എംഎല്‍എമാര്‍ രാജിവെയ്ക്കണമെന്ന മുദ്രാവാക്യവും മുഴക്കി. പിന്നീട് മുഖ്യമന്ത്രി ബിരേന്‍ സിങ്ങിനെയും ഗവര്‍ണര്‍ ലക്ഷ്മണ്‍ ആചാര്യയെയും സന്ദര്‍ശിച്ച വിദ്യാര്‍ഥി നേതാക്കള്‍ ഡിജിപിയെയും സംസ്ഥാന സര്‍ക്കാരിന്റെ സുരക്ഷാ ഉപദേഷ്ടാവിനെയും മാറ്റണമെന്നതടക്കം ആറ് ആവശ്യങ്ങള്‍ ഉന്നയിച്ചു. സംഘര്‍ഷം നിയന്ത്രിക്കുന്നതില്‍ ഇരുവരും പരാജയപ്പെട്ടുവെന്ന് നേതാക്കള്‍ ആരോപിച്ചു.