ഡൽഹി: ഒരു ഇടവേളയ്ക്ക് ശേഷം മണിപ്പൂർ വീണ്ടും അശാന്തമാകുന്നു. മണിപ്പൂരിൽ വീണ്ടും കലാപം അതിരൂക്ഷമാകുന്നു. മുഖ്യമന്ത്രിയുടെ വസതിയിലേക്കടക്കം ആക്രമണം വ്യാപിച്ചതോടെ മണിപ്പൂര്‍ കലാപത്തിടപെട്ട് കേന്ദ്രം. തെരഞ്ഞെടുപ്പ് പ്രചാരണം മാറ്റി വച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മണിപ്പൂരിലെ സ്ഥിതിഗതികള്‍ വിലയിരുത്തുകയാണ്.

സായുധ ​സംഘങ്ങൾക്കെതിരെ 24 മണിക്കൂറിനകം കേന്ദ്ര - സംസ്ഥാന സർക്കാറുകൾ നടപടി എടുക്കണമെന്ന് മെയ്തെയ് സംഘടന അന്ത്യ ശാസനം നൽകുകയും ചെയ്തു.

കാണാതായ കുട്ടികളുടെയും സ്ത്രീകളുടെയും മൃതദേഹങ്ങൾ കണ്ടെത്തിയതിന് പിന്നാലെയാണ് കലാപം വീണ്ടും രൂക്ഷമായതെന്നാണ് റിപ്പോർട്ടുകൾ. സായുധ സംഘങ്ങൾ തട്ടിക്കൊണ്ടുപോയവരെ കണ്ടെത്തുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്ന് ആരോപിച്ചാണ് മെയ്തെയ് വിഭാ​ഗക്കാ‌രുടെ പ്രതിഷേധം. ഇംഫാലിൽ മുഖ്യമന്ത്രി ബിരേൻ സിം​ഗിന്റെ വീട്ടിലേക്ക് അതിക്രമിച്ച് കയറാൻ ശ്രമിച്ചവരെ ടിയർ​ഗ്യാസ് പ്രയോ​ഗിച്ചാണ് പോലീസ് തുരത്തിയത്.

മന്ത്രിമാരുടെയും എംഎൽഎമാരുടെയും വീടുകളും വാഹനങ്ങളും വ്യാപകമായി ആക്രമിക്കപ്പെടുകയും ചെയ്തു. ഇംഫാൽ മേഖലയിലെ പള്ളികളും തീയിട്ടു. സർക്കാർ ഇടപെടൽ ഫലപ്രദമാകാതായതോടെയാണ് കേന്ദ്രം ഇപ്പോൾ ഇടപ്പെട്ടിരിക്കുന്നത്.