മുംബൈ: മുംബൈയിലെ ഗുഡ്ഗാവ് മേഖലയിലെ ഫര്‍ണിച്ചര്‍ മാര്‍ക്കറ്റില്‍ വന്‍ അഗ്നിബാധ. വന്‍ നാശനഷ്ടമുണ്ടായെങ്കിലും ഇതുവരെ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഖഡക്പദ ഫര്‍ണിച്ചര്‍ മാര്‍ക്കറ്റില്‍ രാവിലെ 11 മണിയോടെയാണ് തീ പിടിത്തമെന്നും 2,000ത്തോളം ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള വലിയ ഗ്രൗണ്ട് ഫ്‌ലോര്‍ സ്ട്രക്ച്ചറിലേക്ക് പടര്‍ന്നുവെന്നുമാണ് അഗ്‌നിശമന വൃത്തങ്ങള്‍ പറയുന്നത്.

പൊട്ടിത്തെറിയോടെയാണ് മാര്‍ക്കറ്റിലെ ഫര്‍ണിച്ചര്‍ കടകളിലേക്ക് തീ പടര്‍ന്നത്. തടി ഫര്‍ണിച്ചര്‍, പ്ലാസ്റ്റിക്, തെര്‍മോക്കോള്‍, പ്ലൈവുഡ് തുടങ്ങിയ വസ്തുക്കളാല്‍ നിറഞ്ഞ ആറോളം കടകളിലേക്ക് തീ അതിവേഗം വ്യാപിച്ചു.

10 വാട്ടര്‍ ടാങ്കറുകളും ജംബോ ടാങ്കറുകളും സംഭവസ്ഥലത്തെത്തി. തീവ്രമായ ചൂടും കത്തുന്ന വസ്തുക്കളും അഗ്‌നിശമന സേനാംഗങ്ങള്‍ക്ക് വലിയ വെല്ലുവിളികള്‍ ഉയര്‍ത്തി.

വ്യാപനം തടയുന്നതിനും കൂടുതല്‍ നാശനഷ്ടങ്ങള്‍ തടയുന്നതിനും അവര്‍ അക്ഷീണം പ്രയത്‌നിച്ചു. ഹൈ പ്രഷര്‍ വാട്ടര്‍ ലൈനുകളും ഹോസ് ലൈനുകളും ഉള്‍പ്പെടെയുള്ള അത്യാധുനിക ഉപകരണങ്ങള്‍ ഉപയോഗിച്ച് രണ്ട് മണിക്കൂറിനു ശേഷമാണ് തീ നിയന്ത്രണ വിധേയമാക്കിയത്. സമീപ പ്രദേശങ്ങള്‍ സുരക്ഷിതമാക്കിയിട്ടുണ്ട്. തീപിടിത്തത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല.