ബസ്തർ: ഛത്തീസ്​ഗഢിൽ മാവോയിസ്റ്റുകളും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടലെന്ന് റിപ്പോർട്ടുകൾ. നാരായൺപൂർ, ദന്തേവാഡ ജില്ലകളുടെ അതിർത്തിയിലുള്ള അബുജ്മർ പട്ടണത്തോട് ചേർന്ന വനമേഖലയിലാണ് ഏറ്റുമുട്ടൽ നടക്കുന്നത്. സുരക്ഷാ സേനയും മാവോയിസ്റ്റുകളും തമ്മിൽ വലിയ രീതിയിലുള്ള ഏറ്റുമുട്ടൽ നടന്നതായാണ് പോലീസ് പറയുന്നത്.

പുലർച്ചെ മൂന്ന് മണിയോടെയാണ് ഏറ്റുമുട്ടൽ തുടങ്ങിയത്. നിലവിൽ വെടിവെയ്പ്പ് തുടരുകയാണെന്ന് ബസ്തർ പോലീസ് വ്യക്തമാക്കി.സംഭവത്തെ തുടർന്ന് നാട്ടുകാരും ഭീതിയിലാണ്. മാവോയിസ്റ്റുകളുടെ സാന്നിധ്യം കണ്ടെത്തുന്നതിനായി പ്രദേശത്ത് വ്യാപക തിരച്ചിൽ തുടങ്ങിയിട്ടുണ്ട്. ‌

ഇക്കഴിഞ്ഞ ബുധനാഴ്ച ബിജാപൂർ ജില്ലയിൽ നടന്ന ഏറ്റുമുട്ടലിൽ സുരക്ഷാ സേന ഒരു മാവോയിസ്റ്റിനെ വധിച്ചിരുന്നു. ഏറ്റുമുട്ടലിനിടെ ഉണ്ടായ ഐഇഡി സ്‌ഫോടനത്തിൽ രണ്ട് ജില്ലാ റിസർവ് ഗാർഡ് (ഡിആർജി) ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

ബസ്തറും ബീജാപ്പൂരും ഉൾപ്പെടെയുള്ള വനമേഖലകൾ കേന്ദ്രീകരിച്ചാണ് മാവോയിസ്റ്റുകളുടെ പ്രവർത്തനം. പ്രദേശത്ത് ഇപ്പോൾ അതീവ ജാഗ്രതയിലാണ്.