- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യാജ വോട്ടിങ് തടയുന്നത് വരെ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല; ബിഎസ്പി അധ്യക്ഷ മായാവതി
തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യാജ വോട്ടിങ് തടയുന്നത് വരെ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല
ലഖ്‌നോ: ഉത്തര്‍പ്രദേശ് ഉപതെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പില്‍ ക്രമക്കേട് നടന്നു എന്നാരോപിച്ച് ബിഎസ്പി അധ്യക്ഷ മായാവതി. വ്യാജ വോട്ടിങ് തടയാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടികള്‍ സ്വീകരിക്കുന്നതുവരെ തന്റെ പാര്‍ട്ടി ഉപതെരഞ്ഞെടുപ്പുകളില്‍ മത്സരിക്കില്ലെന്നും മായാവതി പ്രഖ്യാപിച്ചു. ഉത്തര്‍പ്രദേശിലെ ഒമ്പത് നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് നവംബര്‍ 20ന് നടന്നിരുന്നു. ഫലം ശനിയാഴ്ച പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ ബഹുജന്‍ സമാജ് പാര്‍ട്ടി ഒമ്പത് സീറ്റുകളിലും മത്സരിച്ചെങ്കിലും ഒന്നിലും വിജയം നേടാനായില്ല.
'ഉപതെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് വ്യാപകമായ ചര്‍ച്ചകളാണ് സംസ്ഥാനത്ത് നടക്കുന്നത്. ബാലറ്റ് പേപ്പറുകള്‍ ഉപയോഗിച്ച് നടന്ന തെരഞ്ഞെടുപ്പുകളില്‍, പലപ്പോഴും വ്യാജ വോട്ടുകള്‍ രേഖപ്പെടുത്തിയതായി ആളുകള്‍ക്കിടയില്‍ പൊതുധാരണയുണ്ട്. ഇപ്പോള്‍, സമാനമായ രീതിയില്‍ ഇവിഎം ഉപയോഗിച്ചും ഇത്തരം പ്രവര്‍ത്തികള്‍ നടക്കുന്നു. ഇത് ജനാധിപത്യത്തെ സംബന്ധിച്ചിടത്തോളം ദുഃഖവും ഉത്കണ്ഠയും ഉളവാക്കുന്ന കാര്യമാണ്.'- മായാവതി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
'ഈയിടെ നടന്ന ഉത്തര്‍പ്രദേശ് ഉപതെരഞ്ഞെടുപ്പില്‍ നാം ഇതിന് സാക്ഷ്യം വഹിച്ചു. മഹാരാഷ്ട്രയില്‍ നടന്ന പൊതുതെരഞ്ഞെടുപ്പിലും സമാനമായ ആശങ്കകള്‍ ഉയര്‍ന്നിട്ടുണ്ട്. ഇത് നമ്മുടെ രാജ്യത്തെ ജനാധിപത്യത്തിനുള്ള അപായ മണിയാണെന്നും' അവര്‍ പറഞ്ഞു. 'ഈ സാഹചര്യം കണക്കിലെടുത്ത്, തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യാജ വോട്ടിങ് തടയാന്‍ കര്‍ശനമായ നടപടികള്‍ സ്വീകരിക്കുന്നത് വരെ ഞങ്ങളുടെ പാര്‍ട്ടി രാജ്യത്തുടനീളമുള്ള ഒരു ഉപതെരഞ്ഞെടുപ്പിലും പങ്കെടുക്കില്ലെന്ന് തീരുമാനിച്ചു. പ്രത്യേകിച്ച് ഉത്തര്‍പ്രദേശിലെ ഒരു തെരഞ്ഞെടുപ്പിലും മത്സരിക്കില്ല.'- മായാവതി പറഞ്ഞു.
'പൊതു തെരഞ്ഞെടുപ്പില്‍, അധികാരത്തിലുള്ള പാര്‍ട്ടി വീണ്ടും അധികാരത്തില്‍ വരുമെന്ന് ഉറപ്പില്ല. ഈ ഭയം സര്‍ക്കാര്‍ സംവിധാനത്തെ ഒരു പരിധിവരെ നിയന്ത്രിക്കുന്നു,'- അവര്‍ കൂട്ടിച്ചേര്‍ത്തു.