- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പശ്ചിമേഷ്യന്‍ സംഘര്‍ഷം: രാജ്യത്ത് എല്‍പിജി ക്ഷാമമില്ലെന്ന് കേന്ദ്രം; ഉല്‍പ്പാദനത്തില്‍ 31% വര്‍ധന, 40,000 ടണ്‍ എല്‍പിജിയുമായി 'ശിവാലിക്' ഉടനെത്തും
പാചകവാതക ലഭ്യതയെക്കുറിച്ച് ആശങ്ക വേണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ പാചകവാതക ലഭ്യതയെക്കുറിച്ച് ആശങ്ക വേണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍. രാജ്യത്തെ എല്‍പിജി ഉല്‍പ്പാദനത്തില്‍ 31 ശതമാനം വര്‍ധനവുണ്ടായിട്ടുണ്ടെന്നും വിതരണം സുഗമമാക്കാന്‍ വിപുലമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി. 40,000 മെട്രിക് ടണ്ണിലധികം എല്‍പിജി വഹിക്കുന്ന ഐ.എന്‍.എസ്. ശിവാലിക് ഉള്‍പ്പെടെ രണ്ട് ഇന്ത്യന്‍ കപ്പലുകള്‍ മാര്‍ച്ച് 16, 17 തീയതികളിലായി ഇന്ത്യന്‍ തീരത്തെത്തുമെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.
വിവിധ മന്ത്രാലയങ്ങള്‍ സംയുക്തമായി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ എല്‍പിജി ലഭ്യതയെക്കുറിച്ചുള്ള നിലവിലെ സ്ഥിതിഗതികള്‍ വിശദീകരിച്ചത്. നിലവില്‍ എല്‍പിജിക്ക് ക്ഷാമമില്ലെന്നും ഉപഭോക്താക്കള്‍ പരിഭ്രാന്തരായി ബുക്കിംഗ് നടത്തുന്നത് ഒഴിവാക്കണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാന്‍ കര്‍ശന പരിശോധനകള്‍ തുടരുകയാണ്. ഏജന്‍സികളില്‍ നേരിട്ട് പോകാതെ ഡിജിറ്റല്‍ സംവിധാനങ്ങള്‍ വഴി സിലിണ്ടറുകള്‍ ബുക്ക് ചെയ്യാന്‍ ഉപഭോക്താക്കളെ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രത്യേക ബോധവല്‍ക്കരണ ക്യാമ്പയിനുകളും ആരംഭിച്ചിട്ടുണ്ട്.
പേര്‍ഷ്യന്‍ ഗള്‍ഫ് മേഖലയിലുള്ള ഇന്ത്യന്‍ നാവികര്‍ സുരക്ഷിതരാണെന്നും സര്‍ക്കാര്‍ ഉറപ്പുനല്‍കി. ഐ.എന്‍.എസ്. ശിവാലിക് ഹോര്‍മുസ് കടലിടുക്ക് കടന്നതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇറാനിയന്‍ നാവിക കപ്പലിലെ ഉദ്യോഗസ്ഥര്‍ കൊച്ചിയില്‍ നങ്കൂരമിട്ടശേഷം മടങ്ങിയതായും വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു.


