ദില്ലി: ഇന്ത്യൻ വ്യോമസേനയുടെ മിഗ് 29 ഫൈറ്റര്‍ വിമാനം തകര്‍ന്നു വീണു. പരിശീലന വേളയിൽ ആഗ്രയിൽ വെച്ചാണ് വിമാനം തകർന്ന് വീണത്. വിമാനത്തിലുണ്ടായിരുന്ന പൈലറ്റ് ഉള്‍പ്പടെ രണ്ടുപേരും സുരക്ഷിതരാണ്. വിമാനത്തിന് സാങ്കേതിക തകരാർ ഉണ്ടെന്ന് മനസ്സിലാക്കിയ പൈലറ്റിന് വിമാനം ജനവാസമേഖലയിൽ നിന്ന് തിരിച്ചുവിട്ടത് വലിയ അപകടം ഒഴിവാക്കി.

ആഗ്രയ്ക്കടുത്ത് കരഗോൽ എന്ന ഗ്രാമത്തിൽ പാടത്താണ് വിമാനം തകർന്നുവീണത്. പിന്നാലെ തീപിടിച്ച വിമാനം കത്തിയമർന്നു. വിവരമറിഞ്ഞ് നാട്ടുകാരും പോലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി. സംഭവത്തില്‍ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. വിമാനത്തിനുള്ളിലെ സാങ്കേതിക പ്രശ്‌നങ്ങളാണോ തകരാറിനു കാരണമെന്ന് വിലയിരുത്താനാണ് അന്വേഷണം.

പരിശീലനത്തിന്റെ ഭാഗമായി പഞ്ചാബിലെ അദംപൂറിൽ നിന്നാണ് വിമാനം ആഗ്രയിലേക്ക് പോവുകയായിരുന്നു എന്നാണ് വിവരം. അപകടം മുന്നിൽ കണ്ട് പൈലറ്റുമാർ സുരക്ഷിതമായി വിമാനത്തിൽ നിന്ന് പാരച്യൂട്ട് വഴി രക്ഷപ്പെടുകയായിരുന്നു. സാങ്കേതിക തകരാറാണ് അപകടത്തിൻ്റെ കാരണമെന്നാണ് പ്രാഥമിക സൂചന. സംഭവത്തിൽ പോലീസും അന്വേഷണം നടത്തും.