നാഗ്പൂര്‍: ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവതിന്റെ സുരക്ഷ ഇസഡ് പ്ലസില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും സുരക്ഷയ്ക്ക് സമാനമായ അഡ്വാന്‍സ് സെക്യൂരിറ്റി ലൈസന്‍ (എ.എസ്.എല്‍) കാറ്റഗറിയിലേക്ക് ഉയര്‍ത്തി.

ബി.ജെ.പി ഇതര പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മോഹന്‍ ഭാഗവതിന് സുരക്ഷ വീഴ്ചയുണ്ടായി എന്ന് കാണിച്ചാണ് പുതിയ തീരുമാനം. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് പുതിയ സുരക്ഷ തീരുമാനം പുറത്തുവിട്ടത്. സി.ഐ.എസ്.എഫിനാണ് നിലവില്‍ സുരക്ഷാ ചുമതല. ഭാഗവതിന്റെ സുരക്ഷ ഉയര്‍ത്താന്‍ രണ്ടാഴ്ച മുന്‍പാണ് തീരുമാനിച്ചത്. ഇതു സംബന്ധിച്ച് എല്ലാ സംസ്ഥാനങ്ങളേയും കേന്ദ്ര ഭരണ പ്രദേശങ്ങളെയും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

മോഹന്‍ ഭാഗവത് സഞ്ചരിക്കുന്ന വഴികളില്‍ ഇനി മുതല്‍ കനത്ത സുരക്ഷാ ക്രമീകരണമായിരിക്കും. പ്രത്യേകം രൂപകല്‍പ്പന ചെയ്ത ഹെലികോപ്റ്ററുകളില്‍ മാത്രമേ ഹെലികോപ്ടര്‍ യാത്ര അനുവദിക്കൂ. മോഹന്‍ ഭാഗവതിന്റെ വസതിയും യാത്രയും പൊതുപരിപാടികളും ഈ വലയത്തില്‍ കീഴിലായിരിക്കും.