രംഗറെഡ്ഡി: നൂറിലേറെ തെരുവുനായ്ക്കളെ കൊന്നൊടുക്കിയ സംഭവത്തിൽ തെലങ്കാനയിലെ യാചാരം ഗ്രാമപഞ്ചായത്ത് അധികൃതർക്കെതിരെ കേസ്. രംഗറെഡ്ഡി ജില്ലയിലെ യാചാരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി, വാർഡ് അംഗങ്ങൾ എന്നിവരുൾപ്പെടെ ഒമ്പത് പേർക്കെതിരെയാണ് മൃഗസംരക്ഷണ പ്രവർത്തകരുടെ പരാതിയിൽ കേസെടുത്തിട്ടുള്ളത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

നായ്ക്കളെ വിഷം കുത്തിവെച്ച് കൊല്ലാനായി പഞ്ചായത്ത് അധികൃതർ രണ്ട് പേരെ കൂലിക്കെടുത്തു എന്നാണ് പരാതിക്കാർ ആരോപിക്കുന്നത്. ഈ മാസം ആദ്യമാണ് പരാതിക്കിടയാക്കിയ സംഭവം നടന്നതെന്നും, ജനുവരി ഒമ്പതിനാണ് പരാതി ലഭിച്ചതെന്നും അന്വേഷണ ഉദ്യോഗസ്ഥർ മാധ്യമങ്ങളോട് വിശദമാക്കി. ശയംപേട്ട്, ആരെ പള്ളി മേഖലകളിൽ മുന്നൂറിലേറെ തെരുവുനായ്ക്കളെ കൊന്നതായാണ് എഫ്.ഐ.ആറിൽ ആരോപിക്കുന്നത്.

മൃഗങ്ങളോടുള്ള ക്രൂരത, മൃഗങ്ങൾക്ക് അംഗഭംഗം വരുത്തൽ തുടങ്ങിയ വകുപ്പുകളാണ് കേസിൽ ചുമത്തിയിട്ടുള്ളത്. കുഴിച്ചുമൂടിയ നായ്ക്കളുടെ മൃതദേഹങ്ങൾ പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം ചെയ്യുമെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, മേഖലയിൽ തെരുവുനായ് ശല്യം രൂക്ഷമായിരുന്നുവെന്ന് പ്രദേശവാസികൾ പറയുന്നു.