ലഖ്നൗ: ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി കൂടിക്കാഴ്ച നടത്തി. ഇന്നലെ മുഖ്യമന്ത്രിയുടെ വസതിയിലെത്തിയാണ് ഷമി അദ്ദേഹത്തെ കണ്ടത്. കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ യോഗി ആദിത്യനാഥ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു. ഷമി ബിജെപിയില്‍ ചേരുന്നതിന്റെ സൂചനയാണ് കൂടിക്കാഴ്ചയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

നിലവില്‍ ഐപിഎല്ലില്‍ കളിക്കുന്ന താരം ക്രിക്കറ്റില്‍നിന്ന് വിരമിക്കാനൊരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ അടിത്തിടെ പുറത്തുവന്നിരുന്നു. ക്രിക്കറ്റ് കരിയര്‍ അവസാനിപ്പിച്ചതിന് ശേഷം ഷമി രാഷ്ട്രീയത്തില്‍ സജീവമാകുമെന്നും അഭ്യൂഹങ്ങളുണ്ട്. കേന്ദ്ര ആഭ്യന്തമന്ത്രി അമിത് ഷായുമായി ഷമി നേരത്തെ കൂടിക്കാഴ്ച നടത്തിയിരുന്നു.

ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് താരമായ ഷമിക്ക് ഇത്തവണ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കഴിഞ്ഞിരുന്നില്ല. ഒമ്പത് മത്സരങ്ങളില്‍ നിന്ന് ആറുവിക്കറ്റ് മാത്രമാണ് താരം നേടിയത്. ഹൈദരാബാദ് ഐപിഎല്ലില്‍ നിന്ന് പുറത്താവുകയും ചെയ്തിരുന്നു. അടുത്ത മാസം നടക്കുന്ന ഇംഗ്ലണ്ട് പര്യടനത്തില്‍ ഷമി കളിക്കുമോ എന്ന കാര്യത്തിലും ഉറപ്പില്ല. 2023ല്‍ ഓസീസിനെതിരെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലാണ് ഷമി അവസാനമായി ഇന്ത്യക്കായി ടെസ്റ്റ് കളിച്ചത്.