ഡല്‍ഹി: കാണാതായ 43 വയസ്സുകാരി നിയന്ത്രണരേഖ വഴി പാക്കിസ്ഥാനിലേക്ക് കടന്നതായി വിവരങ്ങൾ. നാഗ്പുര്‍ സ്വദേശിനിയായ സുനിതയാണ് കാര്‍ഗില്‍ ജില്ലയിലെ ഗ്രാമത്തിലൂടെ പാക്കിസ്ഥാനിലേക്ക് കടന്നതായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നാഗ്പുരിലെ ആശുപത്രിയില്‍ നഴ്‌സായിരുന്ന സുനിത ഓണ്‍ലൈന്‍ വഴി പരിചയപ്പെട്ട പാസ്റ്ററെ കാണാനായാണ് പാകിസ്താനിലേക്ക് പോയതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

നേരത്തേ രണ്ടുതവണ യുവതി അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചെങ്കിലും അട്ടാരിയില്‍വെച്ച് തടഞ്ഞിരുന്നു. തുടര്‍ന്നാണ് 15 വയസ്സുള്ള മകനൊപ്പം കാര്‍ഗിലിലെത്തി യുവതി പാകിസ്താനിലേക്ക് കടന്നത്. മെയ് 14-ന് മകനുമായി കാര്‍ഗിലിലെ ഗ്രാമത്തിലെത്തിയ സുനിത മകനെ ഇവിടെനിര്‍ത്തി അതിര്‍ത്തി കടന്നെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.

മകനോട് ഉടന്‍ തിരികെ വരാമെന്ന് പറഞ്ഞാണ് യുവതി പോയത്. എന്നാല്‍, സുനിത തിരിച്ചെത്തിയില്ല. ഒറ്റപ്പെട്ടുനില്‍ക്കുന്ന കുട്ടിയെ കണ്ട നാട്ടുകാര്‍ 15-കാരനെ ലഡാക്ക് പോലീസിനെ ഏല്‍പ്പിക്കുകയായിരുന്നു.