മഹാരാഷ്ട്ര: നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളം 2025 മാര്‍ച്ചില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് സിവില്‍ ഏവിയേഷന്‍ സഹമന്ത്രി മുരളീധര്‍ മൊഹോള്‍ അറിയിച്ചു. കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രി കിഞ്ജരാപ്പു രാംമോഹന്‍ നായിഡുവും ശ്രീ മോഹലും എയര്‍പോര്‍ട്ട് സൈറ്റ് സന്ദര്‍ശിക്കുകയും പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കുകയും ചെയ്തു.

ജോലിയുടെ പുരോഗതി അനുസരിച്ച്, അടുത്ത വര്‍ഷം മാര്‍ച്ചില്‍ വിമാനത്താവളം പ്രവര്‍ത്തനക്ഷമമാകുമെന്നും അയല്‍പ്രദേശങ്ങളായ മുംബൈ, പുണെ, താനെ, കല്യാണ്‍, പടിഞ്ഞാറന്‍ മഹാരാഷ്ട്ര എന്നിവയുമായുള്ള ബന്ധം വര്‍ദ്ധിപ്പിക്കുമെന്നും മൊഹോള്‍ പറഞ്ഞു. വിമാനത്താവള പദ്ധതിക്കായി ഭൂമി സംഭാവന ചെയ്ത ആളുകള്‍ കുടിയിറക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് മന്ത്രി വ്യക്തമാക്കി. ഇവര്‍ക്കുള്ള നഷ്ടപരിഹാരം മാനേജ്മെന്റുമായി ചര്‍ച്ച നടത്തി പരിഹരിക്കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി. അന്തരിച്ച പി.ഡബ്ല്യു.പി നേതാവ് ഡി.ബി പാട്ടീലിന്റെ പേര് വിമാനത്താവളത്തിന് നല്‍കുന്നതില്‍ അദ്ദേഹം അനുകൂല നിലപാട് പ്രകടിപ്പിച്ചിരുന്നു.