ന്യൂഡൽഹി: 2021ൽ ഒപ്പിട്ട സഹകരണ കരാറിന്റെ ഭാഗമായി ഇന്ത്യയും ഫ്രാൻസും വിവിധ മേഖലകളിലെ യുവ പ്രഫഷനലുകൾക്കായി പ്രതിവർഷം 500 വീസകൾ വീതം നൽകും. 18 മുതൽ 35 വരെ പ്രായമുള്ള വിവിധ മേഖലകളിലെ യുവ വിദഗ്ധരെ കൈമാറ്റം ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. . തുടക്കത്തിൽ 500 വീസകളാണ് നൽകുകയെങ്കിലും ക്രമേണ ഇതു വർധിപ്പിക്കും. ഇന്ത്യ സന്ദർശിക്കുന്ന ഫ്രഞ്ച് വിദേശകാര്യ മന്ത്രി കാതറീൻ കൊളോണയും വിദേശകാര്യമന്ത്രി എസ്.ജയശങ്കറും തമ്മിൽ നടന്ന ചർച്ചകളിൽ എത്രയും പെട്ടെന്ന് വീസകൾ അനുവദിക്കാൻ തീരുമാനിച്ചു.

പ്രഫഷനൽ എക്‌സ്‌ചേഞ്ച് പദ്ധതിയിലൂടെ ഇന്ത്യയിലെയും ഫ്രാൻസിലെയും തൊഴിൽ വിപണികളിൽ പരസ്പര സഹകരണം വർധിപ്പിക്കും. തുടക്കത്തിൽ 500 വീസകളാണ് നൽകുകയെങ്കിലും ക്രമേണ ഇതു വർധിപ്പിക്കാനും വ്യാപിപ്പിക്കാനും ധാരണയായി. ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ സഹകരണം ശക്തമാക്കും. ഈ മാസം അവസാനം യുഎൻ പൊതുസഭയോടനുബന്ധിച്ച് ഇന്ത്യഫ്രാൻസ്ഓസ്‌ട്രേലിയ ത്രിതല സംവിധാനവുമായി ബന്ധപ്പെട്ട ചർച്ചകൾ നടത്താനും തീരുമാനിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ഫ്രഞ്ച് മന്ത്രി കൂടിക്കാഴ്ച നടത്തി.

ഇതേസമയം, എലിസബത്ത് രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങുകളിൽ പങ്കെടുക്കാൻ ലണ്ടനിലേക്കുള്ള യാത്രാമധ്യേ ഡൽഹിയിലെത്തിയ ഭൂട്ടാൻ രാജാവ് ജിഗ്‌മെ ഖെസർ നംഗ്യാൽ വാങ്ചുക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.