- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ജഡ്ജിമാരുടെ നിയമനത്തിനുള്ള കൊളീജിയം നിർത്തലാക്കണം; ഹർജി പരിഗണിക്കനൊരുങ്ങി സുപ്രീം കോടതി
ന്യൂഡൽഹി: സുപ്രീം കോടതി ഹൈക്കോടതികളിലും ജഡ്ജിമാരുടെ നിയമനത്തിനുള്ള കൊളീജിയം സംവിധാനം മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കാനൊരുങ്ങി സുപ്രീം കോടതി. ജഡ്ജിമാരുടെ നിയമനത്തിനായി നാഷണൽ ജുഡീഷ്യൽ അപ്പോയിന്റ്മെന്റ്സ് കമ്മീഷൻ ശക്തിപ്പെടുത്തണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം. ഹർജി പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
ജഡ്ജിമാരുടെ നിയമനത്തിൽ സർക്കാരിന് കൂടി തുല്യ പങ്കാളിത്തം നൽകുന്ന സംവിധാനമാണ് എൻജെഎസി. എൻജെഎസി സുപ്രിംകോടതി തന്നെ നിർത്തലാക്കി കൊളീജിയം സംവിധാനം ഏർപ്പെടുത്തിയതാണ്. കൊളീജിയം സംവിധാനത്തിൽ സുതാര്യത ഇല്ലെന്ന ആരോപണമടക്കം വിമർശനങ്ങൾ ഉയർത്തി കേന്ദ്ര നിയമമന്ത്രി കിരൺ റിജിജുവും രംഗത്തെത്തിയിരുന്നു. അതിനു പിന്നാലെയാണ് കൊളീജിയത്തിനെതിരേ നൽകിയ ഹർജി പരിഗണിക്കാമെന്ന് സുപ്രീംകോടതി ഇപ്പോൾ ഉറപ്പു നൽകിയിരിക്കുന്നത്.
കൊളീജിയം സംവിധാനം അങ്ങേയറ്റം ദുർഗ്രമാണെന്നും സുതാര്യതയില്ലെന്നുണാണ് ഹർജിക്കാർക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ മാത്യൂസ് നെടുമ്പാറ ആരോപിക്കുന്നത്. എൻജെഎസി നിർത്തലാക്കിയത് ജനങ്ങളുടെ ആഗ്രഹത്തിന് വിരുദ്ധമായിട്ടാണെന്നും ഹർജിയിൽ ആരോപിക്കുന്നു. കൊളീജിയം സംവിധാനം ബന്ധുജന പക്ഷപാതിത്വത്തിന് വഴി തെളിക്കുന്നതാണെന്നാണ് ഹർജിയിലെ പ്രധാന ആരോപണം. എൻജഎസിയെ പാർലമെന്റിൽ രാംജത് മലാനി ഒഴികെ മറ്റെല്ലാ എംപിമാരും അനുകൂലിച്ചതാണ്.
21 സംസ്ഥാന നിയമസഭകളുടെയും അംഗീകാരം ലഭിച്ചു. ജഡ്ജിമാരുടെ സ്ഥലമാറ്റവും നിയമനങ്ങളും നിയമനിർവഹണ സംവിധാനങ്ങളുടെ പരിധിയിൽ വരേണ്ടതാണ്. അതിനാൽ സർക്കാരും പ്രതിപക്ഷവും ഒരുമിച്ചു നിന്ന് എൻജെഎസി പുനഃസ്ഥാപിക്കേണ്ടതാണെന്നും ഹർജിയിൽ പറയുന്നു. ജഡ്ജിമാരുടെ നിയമനത്തിൽ ജനങ്ങൾക്ക് എതിർപ്പ് ഉന്നയിക്കാനുള്ള അവസരം ഉണ്ടാകണെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
ഹർജി സുപ്രീംകോടതിയിൽ ഉന്നയിച്ചപ്പോൾ തന്നെ കൊളീജിയം സംവിധാനം സുപ്രീംകോടതി ഉത്തരവിലൂടെ നിലവിൽ വന്ന സംവിധാനമാണെന്ന് ചീഫ് ജസ്റ്റീസ് ഡിവൈ ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടി. 1993-ൽ ഒൻപതംഗ ബെഞ്ചിന്റെ ഉത്തരവിലൂടെ കൊളീജിയം അവതരിപ്പിക്കുന്നത്. അതിനെ ഒരു റിട്ട് ഹർജി കൊണ്ട് എതിർക്കാനാകുമോ എന്നും അദ്ദേഹം ചോദിച്ചു.
മറുനാടന് മലയാളി ബ്യൂറോ