കൊല്‍ക്കത്ത: വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പടുത്തിയ സംഭവത്തില്‍ കൊല്‍ക്കത്തയിലെ ആര്‍ജി കര്‍ ആശുപത്രിക്കെതിരായ അതിക്രമത്തിന് പിന്നാലെ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. സര്‍ക്കാര്‍ സംവിധാനത്തിന്റെ സമ്പൂര്‍ണ പരാജയം എന്നാണ് കോടതിയുടെ വിമര്‍ശനം. ആശുപത്രിയില്‍ ഡ്യൂട്ടിക്കിടെ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിനെതിരായ പ്രതിഷേധമാണ് അക്രമത്തില്‍ കലാശിച്ചത്.

പൊലീസിന് സ്വയം സംരക്ഷിക്കാന്‍ കഴിയുന്നില്ലെങ്കില്‍ പിന്നെ ഡോക്ടര്‍മാര്‍ക്ക് എങ്ങനെ നിര്‍ഭയമായി പ്രവര്‍ത്തിക്കാനാകുമെന്ന് കോടതി ചോദിച്ചു. ആശുപത്രി അടച്ചുപൂട്ടുമെന്നും രോഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റുമെന്നും ഹൈക്കോടതി വ്യക്തമാക്കി. ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തെ കുറിച്ച് ലഭിച്ച ഇ മെയിലുകളുടെ അടിസ്ഥാനത്തിലാണ് വിഷയം പരിഗണിച്ചതെന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

പലപ്പോഴും നിരോധനാജ്ഞ (144) പ്രഖ്യാപിക്കാറുണ്ട്. ഇങ്ങനെയൊരു സംഭവമുണ്ടാകുമ്പോള്‍ ആ സ്ഥലം വളഞ്ഞ് സുരക്ഷ ഉറപ്പാക്കണമായിരുന്നു. എങ്കില്‍ 7000 പേര്‍ക്ക് നടന്നുവന്ന് ഇങ്ങനെ അക്രമം കാണിക്കാന്‍ കഴിയുമായിരുന്നോയെന്ന് കോടതി ചോദിച്ചു. ഇത്തരം സംഭവങ്ങള്‍ ഡോക്ടര്‍മാരുടെയും ആശുപത്രിയിലെ ജീവനക്കാരുടെയും ആത്മവീര്യത്തെയും ആത്മവിശ്വാസത്തെയും സാരമായി ബാധിക്കും.

അക്രമങ്ങളെ ഭയക്കാതെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് അവരുടെ ചുമതലകള്‍ നിര്‍വഹിക്കാന്‍ കഴിയുന്ന അന്തരീക്ഷം സൃഷ്ടിക്കേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് കോടതി വ്യക്തമാക്കി. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ അടിയന്തരവും ഫലപ്രദവുമായ നടപടികള്‍ സ്വീകരിക്കണമെന്ന് ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടു. കേസ് ബുധനാഴ്ച വീണ്ടും പരിഗണിക്കും.

അതേസമയം ഡോക്ടറെ കൊലപ്പെടുത്തിയ സംഭവത്തില്‍ കുറ്റക്കാരെ എല്ലാം ഉടന്‍ പിടികൂടും എന്ന് സിബിഐ ഉറപ്പ് നല്‍കിയെന്ന് കൊല്ലപ്പെട്ട ഡോക്ടറുടെ അച്ഛന്‍ പറഞ്ഞു. സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം നിരസിക്കുകയാണെന്നും രാജ്യം മുഴുവന്‍ പ്രതിഷേധത്തില്‍ ഒപ്പം നില്‍ക്കുന്നവര്‍ക്ക് നന്ദിയെന്നും പിതാവ് പറഞ്ഞു. ഇതിനിടെ കൊല്ലപ്പെട്ട ഡോക്ടര്‍ക്ക് നീതി വേണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി മമത ബാനര്‍ജി പ്രതിഷേധം നയിക്കും. ഇന്ന് വൈകിട്ടാണ് മമത ബാനര്‍ജിയുടെ റാലി. സിബിഐ അന്വേഷണം കാര്യക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധ റാലി.