മുംബൈ: മുഖ്യമന്ത്രി പദത്തിനായി ആരെയും പിന്തുണക്കില്ലെന്നും മഹാരാഷ്ട്ര വികാസ് അഘാഡിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും ഉദ്ധവ് താക്കെറെ. വിജയം ഉറപ്പാക്കാന്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കും. ആരെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കണമെന്ന് മുന്നണ ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്ര തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാദ്ധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു ഉദ്ധവ് താക്കെറെ.

ലോക്‌സഭാ തെരഞ്ഞെടുപ്പിലുണ്ടായ അതേ ആര്‍ജവം നിയമസഭാ തെരഞ്ഞെടുപ്പിലും ഉണ്ടാകും. മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ പോരാടാന്‍ തങ്ങള്‍ തയ്യാറാണെന്നും ഉദ്ദവ് താക്കെറെ പറഞ്ഞു. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് കോണ്‍ഗ്രസും എന്‍സിപിയും ഉള്‍പ്പെടെ മുന്നണിയിലെ മറ്റുകക്ഷികളുമായി ആലോചിച്ചായിരിക്കും. സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പ് മഹാരാഷ്ട്രയുടെ ആത്മാഭിമാനം സംരക്ഷിക്കാനുള്ള പോരാട്ടമാണ്. സംസ്ഥാനത്തിന്റെ നേട്ടത്തിന് വേണ്ടിയായിരിക്കും തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയെന്നും താക്കെറെ പ്രതികരിച്ചു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയുടെ ഭാഗമായി മത്സരിച്ച് വിജയിച്ച ഉദ്ധവ് താക്കറെ ബിജെപിയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിച്ച ശേഷം പിന്തുണ പിന്‍വലിച്ച് മഹാരാഷ്ട്ര വികാസ് അഘാഡിയിലേക്ക് പോകുകയായിരുന്നു. മുഖ്യമന്ത്രി പദത്തിനായി കോണ്‍ഗ്രസിനും എന്‍സിപിക്കും പിന്തുണ നല്‍കുകയായിരുന്നു ഉദ്ധവ്. ഇതിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നിരുന്നത്.