ന്യൂഡൽഹി: 2021- ലെ ഗാന്ധി സമാധാന പുരസ്‌കാരം ഗൊരഖ്പുരിലെ ഗീതാ പ്രസിന് നൽകാനുള്ള തീരുമാനത്തെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ്. തീരുമാനം സവർക്കർക്കും ഗോഡ്സേയ്ക്കും പുരസ്‌കാരം നൽകുന്നത് പോലെയാണെന്ന് എ.ഐ.സി.സി. ജനറൽ സെക്രട്ടറി ജയറാം രമേഷ് പരിഹസിച്ചു. ഗീതാ പ്രസിന് പുരസ്‌കാരം നൽകാനുള്ള തീരുമാനം പരിഹാസ്യമാണെന്നും അദ്ദേഹം പറഞ്ഞു.

'ഗീത പ്രസ് ആൻഡ് ദി മേക്കിങ് ഓഫ് ഹിന്ദു ഇന്ത്യ' എന്ന അക്ഷയ മുകുളിന്റെ പുസ്തകത്തിന്റെ കവർ പങ്കുവച്ചായിരുന്നു ജയറാം രമേഷിന്റെ പ്രതികരണം. മഹാത്മാഗാന്ധിയുമായി അവർക്കുണ്ടായിരുന്ന പ്രക്ഷുബ്ധമായ ബന്ധത്തെക്കുറിച്ചും അദ്ദേഹത്തിന്റെ രാഷ്ട്രീയവും മതപരവും സാമൂഹികവുമായ ആശയങ്ങൾക്കെതിരേ അവർ നടത്തിയ ഏറ്റുമുട്ടലുകളെക്കുറിച്ചും പുസ്തകത്തിൽ പ്രതിപാദിക്കുന്നുണ്ടെന്നും ജയറാം രമേഷ് ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ ജൂറി, 2021ലെ ഗാന്ധി സമാധാനപുരസ്‌കാരം ഗീതാ പ്രസിന് നൽകാൻ തീരുമാനിച്ചതായി പ്രഖ്യാപിച്ചത്. ഗാന്ധിയൻ മാർഗത്തിലൂടെയുള്ള സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ പ്രവർത്തനങ്ങളാണ് പുസ്തകപ്രസാധകരായ ഗീതാ പ്രസിനെ പുരസ്‌കാരത്തിന് അർഹരാക്കിയതെന്ന് ജൂറി അറിയിച്ചിരുന്നു. സാമൂഹികഐക്യവും സമാധാനവും വളർത്തുന്ന ഗാന്ധിയൻ ആദർശങ്ങൾ പ്രചരിപ്പിക്കുന്നതിൽ ഗീതാ പ്രസ് നടത്തിയ പ്രവർത്തനങ്ങളെ പ്രധാനമന്ത്രി പ്രകീർത്തിച്ചെന്ന് കേന്ദ്ര സാംസ്‌കാരിക വകുപ്പ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

1932-ലാണ് ഗീതാ പ്രസ് പ്രവർത്തനം തുടങ്ങിയത്. 14 ഭാഷകളിലായി 41.7 കോടി പുസ്തകങ്ങൾ പുറത്തിറക്കി. ഗാന്ധിജിയുടെ 125-ാം ജന്മദിനം ആഘോഷിച്ച 1995 മുതലാണ് കേന്ദ്രസർക്കാർ ഗാന്ധി സമാധാനപുരസ്‌കാരം ഏർപ്പെടുത്തിയത്. ഒരുകോടിരൂപയാണ് പുരസ്‌കാരത്തുക.