ഹൈദരാബാദ്: ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗന്മോഹൻ റെഡ്ഡിയുടെ സഹോദരി വൈ.എസ്.ഷർമിള കോൺഗ്രസിലേക്ക്. പ്രിയങ്കാ ഗാന്ധിയുടെ ആശീർവാദത്തോടെ കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ നടത്തിയ നീക്കങ്ങളാണ് ഒരുകാലത്ത് കോൺഗ്രസിന്റെ എല്ലാമെല്ലാം ആയിരുന്ന വൈ. രാജശേഖര റെഡ്ഡിയുടെ മകൾ മൂവർണ കൊടിയേന്താൻ ഇടയാക്കിയത്.

മെയ്‌ 29നു ഷർമിള ബെംഗളുരുവിലെത്തി ഡി.കെ.ശിവകുമാറുമായി ചർച്ച നടത്തിയിരുന്നു. പിന്നീട് പലതലങ്ങളിൽ ആലോചനകൾ നടന്നു. രണ്ടു വയസ് മാത്രമുള്ള യുവജന ശ്രമിക റിതു തെലങ്കാന പാർട്ടിയെന്ന വൈഎസ്ആർ തെലങ്കാന പാർട്ടിയെ കോൺഗ്രസിൽ ലയിപ്പിക്കാനാണു ഷർമിളയുടെ തീരുമാനം.

അവസാന വട്ട ചർച്ചകൾക്കായി വ്യാഴാഴ്ച ഷർമിള ഡൽഹിയിലെത്തി സോണിയ ഗാന്ധി അടക്കമുള്ളവരെ കാണും. കർണാടകയിൽനിന്നുള്ള രാജ്യസഭാ സീറ്റും ആന്ധ്രയിലെ പാർട്ടിയുടെ തലപ്പത്ത് നിർണായക സ്ഥാനവും നൽകാമെന്നാണു കോൺഗ്രസ് ഷർമിളയ്ക്കു നൽകിയിരിക്കുന്ന വാഗ്ദാനം.

ഇതിനു പ്രത്യുപകാരമായി രാജ്യസഭാ സീറ്റാണു കോൺഗ്രസിന്റെ പ്രധാന വാഗ്ദാനം. ഒപ്പം തെലങ്കാനയിൽനിന്നു സ്വന്തം നാടായ ആന്ധ്രപ്രദേശിലേക്കു ഷർമിള മടങ്ങിയേക്കും. ആന്ധ്ര കോൺഗ്രസിന്റെ നേതൃത്വം ഷർമിളയെ ഏൽപ്പിച്ചേക്കുമെന്നാണ് പുറത്തുവരുന്ന വിവരം. അറിയപ്പെടുന്ന നേതാവോ താഴേത്തട്ടിൽ കേഡർ സംവിധാനമോ ഇല്ലാത്ത കോൺഗ്രസിന്റെ തിരിച്ചുവരവാകും ആന്ധ്രയിൽ ഷർമിളയുടെ വരവ്.

ആന്ധ്ര മുഖ്യമന്ത്രി കൂടിയായ സഹോദരൻ വൈ.എസ്. ജഗന്മോഹൻ റെഡ്ഡിയും അദ്ദേഹത്തിന്റെ വൈഎസ്ആർ കോൺഗ്രസുമാകും ഷർമിളയുടെ പ്രധാന എതിരാളികൾ. സഹോദരനോടു പിണങ്ങിയാണ് ഷർമിള ആന്ധ്രപ്രദേശ് വിട്ടു തെലങ്കാനയിലേക്കു മാറിയത്. അതേസമയം, ആന്ധ്രയിലെ കോൺഗ്രസിന്റെ ചുമതല ഏറ്റെടുക്കുമെന്ന വാർത്തകൾ ഷർമിള നിഷേധിച്ചു.

അതിനിടെ, ഷർമിളയ്ക്ക് പാർട്ടിയിൽ ചേരാമെങ്കിലും സംസ്ഥാനത്ത് ഇത്തരം നേതാവിന്റെ ആവശ്യമില്ലെന്ന് തെലങ്കാന കോൺഗ്രസ് അധ്യക്ഷൻ രേവന്ത് റെഡ്ഡി പരസ്യമായി പ്രഖ്യാപിച്ചു. ഷർമിളയുടേത് അവരസരവാദ നിലപാടാണന്നു മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ രേണുകാ ചൗധരിയും തുറന്നടിച്ചു.