ചെന്നൈ: ബെംഗളൂരു രാമേശ്വരം കഫേ സ്ഫോടനവുമായി ബന്ധപ്പെട്ട് തമിഴര്‍ക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ശോഭ കരന്തലാജെ ആത്മാര്‍ഥമായി മാപ്പു പറയാന്‍ തയാറാകണമെന്ന് മദ്രാസ് ഹൈക്കോടതി. പേരിനു മാപ്പു പറഞ്ഞു തലയൂരാനുള്ള നീക്കത്തെ ജസ്റ്റിസ് ജി.ജയചന്ദ്രന്‍ രൂക്ഷമായി വിമര്‍ശിച്ചു. വാര്‍ത്താസമ്മേളനം വിളിച്ചു മാപ്പു പറയുന്നതില്‍ ചില പ്രശ്‌നങ്ങളുണ്ടെന്നും അതിനാലാണ് സമൂഹമാധ്യമങ്ങളിലൂടെ മാപ്പു പറഞ്ഞതെന്നുമുള്ള ശോഭയുടെ അഭിഭാഷകന്റെ പരാമര്‍ശമാണു കോടതിയെ ചൊടിപ്പിച്ചത്.

വാദവുമായി മുന്നോട്ടു പോകാന്‍ തയാറാണെന്ന് ശോഭയുടെ അഭിഭാഷകന്‍ അറിയിച്ചതോടെ കേസ് ഓഗസ്റ്റ് 23ലേക്കു മാറ്റി. 'തമിഴ്നാട്ടില്‍ പരിശീലനം നേടിയവരാണു രാമേശ്വരം കഫേയില്‍ ബോംബ് സ്ഥാപിച്ചത്' എന്നായിരുന്നു കേന്ദ്രമന്ത്രിയായിരിക്കെ ശോഭ കരന്തലാജെയുടെ വിവാദ പരാമര്‍ശം. കേരളത്തെ അടച്ചാക്ഷേപിച്ചും ശോഭ നേരത്തെ രംഗത്തെത്തിയിരുന്നു.