ഇംഫാൽ: മണിപ്പുരിൽ സംഘർഷത്തിനിടെ പൊലീസിന്റെ ആയുധശാലയിൽനിന്ന് വൻതോതിൽ തോക്കുകളും വെടിയുണ്ടകളും അപഹരിച്ചുവെന്ന വാർത്ത സ്ഥിരീകരിച്ച് അധികൃതർ. കൊള്ളയടിച്ച ആയുധങ്ങളും വെടിക്കോപ്പുകളും വീണ്ടെടുക്കുന്നതിനായി പ്രദേശങ്ങളിൽ റെയ്ഡ് തുടരുന്നതായും പൊലീസ് അറിയിച്ചു. ട്വിറ്ററിലൂടെയായിരുന്നു പൊലീസിന്റെ പ്രതികരണം.

സംസ്ഥാനത്തെ മലയോര ജില്ലകളിൽ നിന്നും താഴ്‌വരയിൽ നിന്നും ആയുധങ്ങൾ കൊള്ളയടിച്ചിട്ടുണ്ടെന്നാണ് പൊലീസ് വൃത്തങ്ങൾ നൽകുന്ന സൂചന. ബിഷ്ണുപുർ ജില്ലയിലുള്ള ഇന്ത്യ റിസർവ് ബെറ്റാലിയൻ (ഐ.ആർ.ബി) ആസ്ഥാനത്തേക്ക് അതിക്രമിച്ചുകടന്ന ജനക്കൂട്ടം എ.കെ 47 തോക്കുകൾ അടക്കമുള്ള നിരവധി ആയുധങ്ങളും 19,000 വെടിയുണ്ടകളും അപഹരിച്ചുവെന്നായിരുന്നു റിപ്പോർട്ടുകൾ.

എ.കെ 47 തോക്കുകൾ, ചേതക് റൈഫിളുകൾ, പിസ്റ്റളുകൾ എന്നിവയ്ക്ക് പുറമെ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകളും ഗ്രനേഡുകളും അടക്കമുള്ളവ മോഷ്ടിക്കപ്പെട്ടതായും വെളിപ്പെടുത്തലുകളുണ്ടായിരുന്നു. പൊലീസ് നടത്തിയ പരിശോധനയിൽ താഴ്‌വരയിലെ ജില്ലകളിൽ നിന്ന് 1057 ആയുധങ്ങളും 14201 വെടിക്കോപ്പുകളും മലയോര പ്രദേശങ്ങളിൽ നിന്ന് 138 ആയുധങ്ങളും 121 വെടിക്കോപ്പുകളും കണ്ടെടുത്തു.

ശനിയാഴ്ചയും സമാനമായ രീതിയിൽ പൊലീസ് സംഘത്തിൽ നിന്ന് ആയുധങ്ങൾ തട്ടിയെടുക്കാനുള്ള ശ്രമം നടന്നു. എന്നാൽ വിഷയത്തിൽ പൊലീസ് കൃത്യമായി ഇടപെട്ടതായും അക്രമികളെ പിടികൂടി ആയുധങ്ങൾ തിരിച്ചെടുത്തതായും പൊലീസ് വ്യക്തമാക്കി. മണിപ്പുരിൽ മെയ് മൂന്നിന് തുടങ്ങിയ അക്രമ സംഭവങ്ങളിൽ ഇതുവരെ 180-ലധികം പേർക്കാണ് ജീവൻ നഷ്ടമായത്.