രാജ്നന്ദ്ഗാവോൺ: നിയമസഭ തെരഞ്ഞെടുപ്പിനുള്ള പ്രചാരണം തുടരവെ ഛത്തീസ്‌ഗഢിൽ വൻ വാഗ്ദാനങ്ങളുമായി കോൺഗ്രസിന്റെ പ്രകടന പത്രിക. 200 യൂണിറ്റ് വരെ വൈദ്യുതി സൗജന്യമായി നൽകും. കാർഷിക വായ്പകൾ പൂർണമായി എഴുതിത്ത്തള്ളും. നെല്ല് ക്വിന്റലിന് കർഷകരിൽ നിന്ന് വാങ്ങുമെന്നും പ്രകടന പത്രികയിൽ പറയുന്നു.

മുഖ്യമന്ത്രി ഭൂപേഷ് ബാഗേലാണ് പ്രകടന പത്രിക പുറത്തിറക്കിയത്. 20 വൻ വാഗ്ദാനങ്ങളാണ് അധികാരത്തിലെത്തിയാൽ നടപ്പാക്കുമെന്ന് പ്രകടനപത്രികയിൽ പറയുന്നത്. 500 രൂപയ്ക്ക് പാചക വാതക സിലിണ്ടർ ലഭ്യമാക്കും. സംസ്ഥാനത്ത് ജാതി സെൻസസ് നടത്തുമെന്നും പ്രകടന പത്രിക വ്യക്തമാക്കുന്നു.

പട്ടികജാതി, പട്ടിക വർഗം, പിന്നാക്ക വിഭാഗം, മത ന്യൂനപക്ഷങ്ങൾ ഇവയ്ക്കിടയിൽ സെൻസസ് നടത്തി, ഇവരെ സാമ്പത്തികമായും സാമൂഹികമായും സഹായിക്കുന്നതിനായി പ്രത്യേക നയം രൂപീകരിക്കും. സി എം ആവാസ് യോജന പദ്ധതിയിൽ 17.5 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യമായി വീടു നിർമ്മിച്ചു നൽകും.

കിന്റർ ഗാർട്ടൻ മുതൽ പോസ്റ്റ് ഗ്രാജ്വേറ്റ് തലം വരെ സൗജന്യ വിദ്യാഭ്യാസം, 10 ലക്ഷം രൂപ വരെ മെഡിക്കൽ ഇൻഷുറൻസ് തുടങ്ങിയവ പ്രകടന പത്രികയിലെ വാഗ്ദാനങ്ങളിൽ ഉൾപ്പെടുന്നു. ഛത്തീസ് ഗഢിൽ രണ്ടു ഘട്ടമായാണ് വോട്ടെടുപ്പ്. ആദ്യ ഘട്ട വോട്ടെടുപ്പ് ഈ മാസം ഏഴിന് നടക്കും. 17 നാണ് രണ്ടാംഘട്ടം. വോട്ടെണ്ണൽ ഡിസംബർ മൂന്നിന് നടക്കും.