- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സ്ത്രീധന പീഡനത്തെ തുടർന്ന് ഭർതൃ വീട്ടിൽ യുവതിയുടെ ആത്മഹത്യ: ഒളിവിൽപോയ രണ്ടാം പ്രതിയായ ഭർതൃപിതാവ് ചെന്നൈയിൽ പിടിയിൽ
തൃശ്ശൂർ: കല്ലുംപുറം കടവല്ലൂരിൽ സ്ത്രീധന പീഡനത്തെ തുടർന്ന് യുവതി ഭർതൃ വീട്ടിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിന്റെ പിതാവിനെ കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തു. കേസിലെ രണ്ടാം പ്രതിയായ കടവല്ലൂർ കല്ലുംപുറം സ്വദേശി പുത്തൻ പീടികയിൽ വീട്ടിൽ അബൂബക്കറിനെ (62) ആണ് കുന്നംകുളം അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ പി അബ്ദുൽ ബഷീറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
കല്ലുംപുറം സ്വദേശി പുത്തൻപീടികയിൽ വീട്ടിൽ സൈനുൽ ആബിദിന്റെ ഭാര്യ സബീനനെ (25) ആണ് കഴിഞ്ഞ ഒക്ടോബർ 25ന് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ 8 മണിയോടെ വീടിന്റെ അടുക്കളയിലാണ് മൃതദേഹം കണ്ടെത്തിയത്. ആറ് വയസുകാരനായ മൂത്ത മകനെ രാവിലെ മദ്രസയിൽ പറഞ്ഞയക്കുകയും രണ്ട് വയസ്സുകാരനായ മകനെ ഉറക്കി കിടത്തിയതിനുശേഷമാണ് യുവതി ആത്മഹത്യ ചെയ്തത്. ഭർത്താവ് ആബിദ് ഇപ്പോഴും വിദേശത്താണ്.
യുവതി ഭർതൃ വീട്ടിൽ മാനസികവും ശാരീരികവുമായ പീഡനത്തിന് ഇരയായതായി പൊലീസ് കണ്ടെത്തിയിരുന്നു. പ്രതി ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നെങ്കിലും ഹൈക്കോടതി ജാമ്യപേക്ഷ തള്ളിയിരുന്നു. ഒളിവിൽ പോയ പ്രതിയെ ചെന്നൈയിൽ നിന്നുമാണ് പൊലീസ് പിടികൂടിയത്. പ്രതിയെ വൈദ്യ പരിശോധനയ്ക്കുശേഷം കോടതിയിൽ ഹാജരാക്കി.
കപ്പൂർ കൊഴിക്കര തിരുത്തുമ്പലാക്കൽ സലീമിന്റെയും ആബിദയുടെയും മകൾ സബീന (25) യെയാണ് ഒക്ടോബർ 25-ന് രാവിലെ ഭർത്താവിന്റെ കല്ലുംപുറത്തെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. സബീനയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നതായി വീട്ടുകാർ പൊലീസിൽ പരാതി നൽകിയിരുന്നു.
ഭർത്താവ് കല്ലുംപുറം പുത്തൻപീടികയിൽ ആബിദ് (33), പിതാവ് അബൂബക്കർ (62), മാതാവ് ആമിനക്കുട്ടി (58), സഹോദരൻ അബ്ബാസ് (37) എന്നിവരുടെ പേരിലാണ് പൊലീസ് കേസെടുത്തിരുന്നത്. മുൻകൂർ ജാമ്യത്തിന് ഇവർ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ആമിനക്കുട്ടിക്കും അബ്ബാസിനും ഹൈക്കോടതിയിൽ നിന്ന് ജാമ്യം ലഭിച്ചു. പൊലീസ് സ്റ്റേഷനിൽ ഹാജരായ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു.
മറുനാടന് മലയാളി ബ്യൂറോ