ന്യൂഡല്‍ഹി: മതിയായ യോഗ്യതയില്ലാത്ത പൈലറ്റുമാരെ ഉപയോഗിച്ച് സര്‍വീസ് നടത്തിയതിനു ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) എയര്‍ ഇന്ത്യയ്ക്ക് 90 ലക്ഷം രൂപയുടെ പിഴ ചുമത്തി. ഇതു കൂടാതെ വീഴ്ചയുടെ പേരില്‍ എയര്‍ ഇന്ത്യയുടെ ഓപ്പറേഷന്‍സ് ഡയറക്ടര്‍ പങ്കുല്‍ മാഥൂര്‍, ട്രെയിനിങ് ഡയറക്ടര്‍ മനീഷ് വാസവദ എന്നിവര്‍ക്കു യഥാക്രമം ആറു ലക്ഷം രൂപയും മൂന്നു ലക്ഷം രൂപയും പിഴ ചുമത്തിയിട്ടുണ്ട്.

ഇത്തരം സംഭവങ്ങള്‍ ഭാവിയില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പൈലറ്റുമാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ജൂലൈ 10ന് നടന്ന സംഭവത്തില്‍ എയര്‍ ഇന്ത്യ സ്വമേധയാ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന് ശേഷമാണ് ഡിജിസിഎ നടപടിയെടുത്തത്.

പരിശീലനകനില്ലാതെ ട്രെയിനി പൈലറ്റ് യാത്രാ വിമാനം പറത്തിയ സംഭവത്തിലാണ് 99 ലക്ഷം രൂപയുടെ പിഴ. ഇക്കഴിഞ്ഞ ജൂലൈ ഒന്‍പതിന് മുംബൈയില്‍ നിന്ന് റിയാദിലേക്കുള്ള വിമാനമാണ് ഇത്തരത്തില്‍ പരിശീലകനില്ലാതെ ട്രെയിനി പൈലറ്റും മറ്റൊരു പൈലറ്റും ചേര്‍ന്ന് പറത്തിയത്.

ട്രെയിനിങ് ക്യാപ്റ്റനൊപ്പമാണ് ഈ വിമാനം പൈലറ്റ് ട്രെയിനി പറത്തേണ്ടിയിരുന്നത്. റിയാദില്‍ എത്തിയ ശേഷം പരിശീലകന്‍ പ്രത്യേക ഫോമില്‍ ഒപ്പിട്ട് നല്‍കുകയും വേണമെന്നാണ് നിയമം. എന്നാല്‍ യാത്രയ്ക്ക് മുന്നോടിയായി പരിശീലകന് ചില ആരോഗ്യ പ്രശ്‌നങ്ങളുണ്ടായി. ഇതേ തുടര്‍ന്ന് പരിശീലകനല്ലാത്ത ഒരു ക്യാപ്റ്റനെയാണ് വിമാനം പറത്താന്‍ കമ്പനി നിയോഗിച്ചത്. യാത്രയ്ക്കിടെയാണ് ഇക്കാര്യം പൈലറ്റും ട്രെയിനിയും അറിഞ്ഞത്.

തങ്ങളുടെ പിഴവ് കൊണ്ടല്ല ഇത് സംഭവിച്ചതെങ്കിലും യാത്ര അവസാനിച്ച ശേഷം പ്രത്യേക ഫോമില്‍ ഒപ്പിട്ട് നല്‍കാന്‍ ഈ പൈലറ്റിന് അധികാരമുണ്ടായിരുന്നില്ല. യാത്ര പുറപ്പെടുന്നതിന് മുമ്പ് ഇരുവരും പരസ്പരം അറിഞ്ഞിരുന്നുമില്ല. ജീവനക്കാര്‍ക്ക് ജോലി നിശ്ചയിച്ച് നല്‍കുന്ന എയര്‍ ഇന്ത്യയുടെ ക്രൂ മാനേജ്‌മെന്റ് സംവിധാനത്തില്‍ വന്ന പിശകാണ് ഇതെന്നാണ് അനുമാനം. നിയമപരമായ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തിയ സംഭവം എയര്‍ ഇന്ത്യ തന്നെയാണ് സ്വമേധയ സിവില്‍ വ്യോമയാന ഡയറക്ടറേറ്റിനെ അറിയിച്ചത്.

പിന്നാലെ പിഴവ് വരുത്തിയതിന് കാരണം കാണിക്കാന്‍ ആവശ്യപ്പെട്ട് ഡിജിസിഎ എയര്‍ ഇന്ത്യയ്ക്ക് നോട്ടീസ് അയച്ചു. ഇതിന് പിന്നാലെയാണ് കമ്പനിക്കും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും പിഴ ചുമത്തിയത്. യോഗ്യതയില്ലാത്ത ജീവനക്കാരെ നിയോഗിച്ചതിന് കമ്പനിക്ക് 90 ലക്ഷം രൂപയും ഓപ്പറേഷന്‍സ് വിഭാഗം ഡയറക്ടര്‍ക്ക് ആറ് ലക്ഷം രൂപയും ട്രെയിനിങ് വിഭാഗം ഡയറക്ടര്‍ക്ക് മൂന്ന് ലക്ഷം രൂപയുമാണ് പിഴ ചുമത്തിയിരിക്കുന്നത്. ഭാവിയില്‍ ഇത്തരം കാര്യങ്ങള്‍ ഉണ്ടാവാതെ ശ്രദ്ധിക്കണമെന്ന് രണ്ട് പൈലറ്റുമാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുമുണ്ട്.