മുംബൈ: ഉപഭോക്താക്കള്‍ക്കുള്ള സേവനം മെച്ചപ്പെടുത്തി എയര്‍ ഇന്ത്യ വിമാനക്കമ്പനി. ഉപഭോക്താക്കള്‍ക്ക് സഹായം നല്‍കുന്ന ഇന്ററാക്ടീവ് വോയിസ് റെസ്‌പോണ്‍സ് (ഐ.വി.ആര്‍) സംവിധാനത്തില്‍ മലയാളം, ബംഗാളി, കന്നട, മറാത്തി, പഞ്ചാബി, തമിഴ്, തെലുങ്ക് തുടങ്ങിയ ഭാഷകള്‍ ഉള്‍പ്പെടുത്തി.

നേരത്തേ ഇംഗ്ലീഷ്, ഹിന്ദി ഭാഷകളില്‍ മാത്രമാണ് എയര്‍ ഇന്ത്യ ഉപഭോക്താക്കളുമായി ആശയവിനിമയം നടത്തിയിരുന്നത്. പുതിയ മാറ്റത്തോടെ ഉപഭോക്താവ് വിളിക്കുന്ന മൊബൈല്‍ ഫോണ്‍ നെറ്റ്‌വര്‍ക്ക് അടിസ്ഥാനമാക്കി ഭാഷ ഐ.വി.ആര്‍ സംവിധാനം സ്വയം തിരഞ്ഞെടുക്കുമെന്നും കമ്പനി പ്രസ്താവനയില്‍ അറിയിച്ചു. ഉപഭോക്താക്കള്‍ക്ക് 24 മണിക്കൂറും സഹായം നല്‍കാന്‍ എയര്‍ ഇന്ത്യ അടുത്തിടെ അഞ്ച് പുതിയ കോണ്‍ടാക്റ്റ് സെന്ററുകള്‍ സ്ഥാപിച്ചിരുന്നു.