ഷിംല: ഹിമാചല്‍ പ്രദേശില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെ മുഖ്യമന്ത്രിയടക്കം മന്ത്രിമാര്‍ രണ്ടുമാസത്തെ ശമ്പളം കൈപ്പറ്റില്ല. മന്ത്രിമാര്‍ക്ക് പുറമേ ചീഫ് പാര്‍ലമെന്ററി സെക്രട്ടറിമാര്‍, ക്യാബിനറ്റ് റാങ്കിലുള്ള മറ്റ് പദവിയിലിരിക്കുന്നവര്‍ എന്നിവരും ശമ്പളം വാങ്ങില്ല. മുഖ്യമന്ത്രി സുഖ്വിന്ദര്‍ സിങ് സുഖുവാണ് നിയമസഭയെ ഇക്കാര്യം അറിയിച്ചത്.

യാത്രാബത്തയും ഡെയ്ലി അലവന്‍സും കൈപ്പറ്റില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിസഭയില്‍ ആലോചിച്ച ശേഷമാണ് തീരുമാനമെന്നും അദ്ദേഹം അറിയിച്ചു. ഇത് ചെറിയ തുകയാണ്. പക്ഷേ, പ്രതീകാത്മകമായാണ് തങ്ങളിത് ചെയ്യുന്നത്. പങ്കുചേരാന്‍ എല്ലാ എം.എല്‍.എമാരോടും അഭ്യര്‍ഥിക്കുകയാണെന്നും സുഖു കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപ്പോയി. ഭരണഘടനപരമല്ലാത്ത ചീഫ് പാര്‍ലമെന്ററി സെക്രട്ടറി പോസ്റ്റുകള്‍ സര്‍ക്കാര്‍ സൃഷ്ടിച്ചു. ക്യാബിനറ്റ്, ചെയര്‍മാന്‍ പദവികള്‍ ഒട്ടേറെ പേര്‍ക്ക് നല്‍കി. അവര്‍ക്കുവേണ്ടി ഒരുപാട് സൗകര്യങ്ങളും ചെയ്തു. അതിനാല്‍, എല്ലാ പ്രശ്നങ്ങളും ഇതൊരു പരിഹാരമാവുമെന്ന് താന്‍ കരുതുന്നില്ലെന്നും പ്രതിപക്ഷനേതാവും മുന്‍മുഖ്യമന്ത്രിയുമായ ജയറാം ഠാക്കൂര്‍ പറഞ്ഞു.