നാഗ്പൂര്‍: മഹാ വികാസ് അഘാഡിയില്‍ (എം.വി.എ) ഭിന്നതകളില്ലെന്നും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരുമിച്ച് മത്സരിക്കുമെന്നും മഹാരാഷ്ട്രയുടെ എ.ഐ.സി.സി ചുമതലയുള്ള രമേശ് ചെന്നിത്തല പറഞ്ഞു. സീറ്റ് വിഭജനം സംബന്ധിച്ച് പ്രതിപക്ഷ സഖ്യ നേതാക്കള്‍ ഉടന്‍ ചര്‍ച്ച നടത്തുമെന്നും ചെന്നിത്തല പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ മഹാ വികാസ് അഘാഡിയുമായി ചേര്‍ന്ന് മത്സരിക്കും. അക്കാര്യത്തില്‍ ഒരു ഭിന്നതയുമില്ല. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് രണ്ട് റൗണ്ട് ചര്‍ച്ചകള്‍ പൂര്‍ത്തിയായി. സെപ്റ്റംബര്‍ ഒന്നിന് ഒരു റൗണ്ട് ചര്‍ച്ചകൂടി നടക്കും -അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷ സഖ്യത്തിന്റെ മുഖ്യമന്ത്രി മുഖം ആരായിരിക്കുമെന്ന ചോദ്യത്തിന്, ഞങ്ങളുടെ മുഖം എം.വി.എയാണ്, ഞങ്ങള്‍ എം.വി.എയുടെ പേരിലാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. മുഖ്യമന്ത്രിയെ തെരഞ്ഞെടുപ്പിന് ശേഷം തീരുമാനിക്കും -ചെന്നിത്തല മറുപടി പറഞ്ഞു. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഒരു പ്രധാനമന്ത്രി മുഖം കാണിച്ചിട്ടല്ല മത്സരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ വര്‍ഷം അവസാനമാണ് മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പ് നടക്കുക. നിലവിലെ സര്‍ക്കാറിന്റെ കാലാവധി നവംബറോടെ അവസാനിക്കും.