ഭുവനേശ്വര്‍: ഒഡിഷയില്‍ മനുഷ്യനില്‍ പക്ഷിപ്പനി ബാധിച്ചതായ സംശയത്തിനിടെ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യ വകുപ്പ് അധികൃതര്‍ അതീവ ജാഗ്രതയില്‍. ഒഡിഷയിലെ പുരി ജില്ലയിലാണ് സംശയകരമായ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയിലുള്ളത്. സ്ഥിതി നേരിടാന്‍ ആരോഗ്യ വകുപ്പ് പൂര്‍ണസജ്ജമാണെന്ന് ഒഡിഷയിലെ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി ഡോ. മുകേഷ് മഹാലിംഗ് പറഞ്ഞു.

മംഗല്‍പൂര്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ എത്തിയ ഒരാളിലാണ് രോഗ ലക്ഷണങ്ങള്‍ കണ്ടെത്തിയതെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ നീലകാന്ത മിശ്ര പറഞ്ഞു. ഇയാളുടെ ശരീര സ്രവം ശേഖരിച്ച് ഭുവനേശ്വറിലെ റീജ്യണല്‍ മെഡിക്കല്‍ റിസര്‍ച്ച് സെന്ററിലേക്കും പൂനെയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്കും അയച്ചു. ഇവിടങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ട് ലഭിക്കാന്‍ ഏഴ് ദിവസത്തോളം വേണ്ടിവരുമെന്നും അതിന് ശേഷം മാത്രമേ രോഗബാധയുടെ കാര്യത്തില്‍ സ്ഥിരീകരണം നടത്താനാവൂ എന്നും അദ്ദേഹം പറഞ്ഞു. രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചയാളുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്.

പുരി ജില്ലയിലെ പിപിലി, സത്യബാതി ബ്ലോക്കുകളില്‍ അതീവ ജാഗ്രതയും നിരീക്ഷണവും പ്രഖ്യാപിച്ചിരിക്കുകയാണെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. രണ്ട് ഘട്ട സുരക്ഷാ നിരീക്ഷണം ഇവിടങ്ങളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. രോഗം സംശയിക്കുന്ന പ്രദേശത്തിന് ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ കടുത്ത നിരീക്ഷണവും 10 കിലോമീറ്റര്‍ ചുറ്റളവില്‍ കര്‍ശന നിരീക്ഷണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. വീടുകള്‍ തോറും കയറിയിറങ്ങി ആശ വര്‍ക്കര്‍മാര്‍ ബോധവത്കരണം നടത്തുകയാണെന്നും മന്ത്രി പറഞ്ഞു.

എന്‍95 മാസ്‌കുകളും ടാമിഫ്‌ലൂ ഗുളികകളും ഇവിടങ്ങളില്‍ വിതരണം ചെയ്തു. പക്ഷിപ്പനിയെ കുറിച്ച് ബോധവത്കരിക്കാനും പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ ആവശ്യപ്പെട്ടും കൊണ്ടുള്ള ലഘുലേഖകളും പ്രദേശത്ത് വിതരണം ചെയ്യുന്നതായി അധികൃതര്‍ അറിയിച്ചു.