ജമ്മു: ജമ്മു-കശ്മീര്‍ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥി നിര്‍ണയത്തിലെ ഭിന്നതയെത്തുടര്‍ന്ന് ബി.ജെ.പി.ജില്ലാ പ്രസിഡന്റ് അടക്കം രണ്ട് നേതാക്കള്‍ കൂടി പാര്‍ട്ടി വിട്ടു. സംബ ജില്ലാ അധ്യക്ഷന്‍ കശ്മീര്‍ സിങ്, യുവമോര്‍ച്ച ജമ്മു ജില്ലാ അധ്യക്ഷന്‍ കണവ് ശര്‍മ എന്നിവരാണ് പാര്‍ട്ടി വിട്ടത്. തങ്ങളുടെ നിയോജക മണ്ഡലത്തില്‍ സ്ഥാനാര്‍ഥിനിര്‍ണയത്തിലെ അതൃപ്തി പ്രകടിപ്പിച്ചാണ് ഇവര്‍ പാര്‍ട്ടി പ്രാഥമിക അംഗത്വത്തില്‍നിന്ന് രാജിവെച്ചത്.

കഴിഞ്ഞ 42 വര്‍ഷമായി പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിക്കുകയാണെന്നും നാഷണല്‍ കോണ്‍ഫറന്‍സില്‍ നിന്ന് വന്ന നേതാവിനാണ് പാര്‍ട്ടി ടിക്കറ്റ് നല്‍കിയതെന്നും കശ്മീര്‍ സിങ് പറഞ്ഞു. 2021-ല്‍ ബി.ജെ.പി.യില്‍ ചേര്‍ന്ന മുന്‍ മന്ത്രി സുര്‍ജിത് സിങ് സ്ലാതിയയെയാണ് സാംബ മണ്ഡലത്തില്‍ നേതൃത്വം സ്ഥാനാര്‍ഥിയാക്കിയത്. ജമ്മു ഈസ്റ്റില്‍ യദുവീര്‍ സേതിയെ സ്ഥാനാര്‍ഥിയാക്കിയതില്‍ പ്രതിഷേധിച്ചാണ് കണവ് ശര്‍മ പാര്‍ട്ടി വിട്ടത്.

സ്ഥാനാര്‍ഥിപ്പട്ടിക പ്രഖ്യാപിച്ചതോടെ ജമ്മുവിന്റെ വിവിധ ഭാഗങ്ങളില്‍ ബി.ജെ.പി. നേതാക്കള്‍ അതൃപ്തി പ്രകടിപ്പിച്ച് രംഗത്തെത്തിയിട്ടുണ്ട്. പാര്‍ട്ടിവിട്ട രണ്ടു നേതാക്കളും സ്വതന്ത്ര സ്ഥാനാര്‍ഥികളായി പത്രിക സമര്‍പ്പിച്ചിട്ടുണ്ട്.

നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥിപ്പട്ടിക പുറത്തിറക്കിയതോടെ സംസ്ഥാനത്തെ ബി.ജെ.പി. നേതൃത്വം പ്രതിരോധത്തിലാണ്. ഭിന്നതയുള്ള നേതാക്കളെ അനുനയിപ്പിക്കാന്‍ കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള നേതാക്കളെ കേന്ദ്ര നേതൃത്വം നിയോഗിച്ചിട്ടുണ്ട്.