ഗോണ്ട: യുപിയില്‍ വിരമിച്ച സൈനികന്‍ ദലിത് യുവാവിനെ വെടിവച്ചു കൊന്നു. ഭൂമി തര്‍ക്കത്തിന്റെ പേരിലായിരുന്നു കൊലപാതകം. തരബ്ഗഞ്ച് പൊലീസ് സ്റ്റേഷന്‍ പരിധിക്ക് കീഴിലുള്ള പക്രി ദുബെ ഗ്രാമത്തില്‍ തിങ്കളാഴ്ചയായിരുന്നു സംഭവം. രമേഷ് ഭാരതിയാണ് (46) കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതി അരുണ്‍ സിംഗാണെന്ന് പൊലീസ് അറിയിച്ചു. പ്രതിക്കായി അന്വേഷണം ആരംഭിച്ചു.

അരുണ്‍ സിംഗും കൊല്ലപ്പെട്ട രമേഷ് ഭാരതിയും തമ്മില്‍ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് തര്‍ക്കം നിലനിന്നതായാണ് പൊലീസ് പറയുന്നത്. ഗ്രാമത്തിന് സമീപം രമേഷിനെ അരുണ്‍ സിംഗ് വളയുകയും തര്‍ക്കത്തിനിടെ അരുണ്‍ തോക്കെടുത്ത് രമേശിനു നേര്‍ക്ക് വെടിയുതിര്‍ക്കുകയുമായിരുന്നു. രമേഷ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചെന്ന് പൊലീസ് പറഞ്ഞു.

കൊലചെയ്യപ്പെട്ട രമേഷ് ഭാരതിയുടെ മകന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ലോക്കല്‍ പോലീസ് കേസെടുത്തത്. പ്രതികളെ പിടികൂടാന്‍ ഒന്നിലധികം സംഘങ്ങള്‍ രൂപീകരിക്കുകയും ചെയ്തിട്ടുണ്ടെന്നും ഉദ്യോഗസ്ഥന്‍ വിനീത് ജയ്സ്വാള്‍ കൂട്ടിച്ചേര്‍ത്തു.