ന്യൂഡല്‍ഹി: രക്ഷാദൗത്യത്തിനിടെ അടിയന്തര ലാന്‍ഡിങ്ങിന് ശ്രമിച്ച ഹെലികോപ്റ്ററിലെ മൂന്നു കോസ്റ്റ് ഗാര്‍ഡ് (ഐസിജി) അംഗങ്ങളെ കാണാതായി. അറബിക്കടലില്‍ ടാങ്കറില്‍ നിന്ന് പരിക്കേറ്റ ജീവനക്കാരനെ രക്ഷിക്കാന്‍ വിന്യസിച്ച ഹെലികോപ്റ്ററാണ് അപടത്തില്‍പ്പെട്ടത്. അടിയന്തര ലാന്‍ഡിംഗിനിടെയാണ് സംഭവമുണ്ടായതെന്ന് ഐസിജി അധികൃതര്‍ അറിയിച്ചു. ഗുജറാത്തിലെ പോര്‍ബന്തര്‍ തീരത്തുനിന്നു 45 കിലോമീറ്റര്‍ അകലെ പരുക്കേറ്റ് കുടുങ്ങി കിടക്കുന്ന കോസ്റ്റ് ഗാര്‍ഡ് അംഗത്തെ രക്ഷിക്കുന്നതിനാണ് ഹെലികോപ്റ്റര്‍ വിന്യസിച്ചിരുന്നത്.

ലാന്‍ഡിങ്ങിനിടെ ഹെലികോപ്റ്റര്‍ നിയന്ത്രണം വിട്ട് കടലില്‍ പതിക്കുകയായിരുന്നു. നാല് ജീവനക്കാരില്‍ ഒരാളെ രക്ഷിക്കാനായിരുന്നു. എന്നാല്‍ മൂന്നു പേരെ കാണാതായി. ഇവര്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി നാല് കപ്പലുകളും രണ്ടു വിമാനങ്ങളും വിന്യസിച്ചതായി കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു. ഗുജറാത്തിലെ മഴക്കെടുതിയില്‍ ദുരിത പ്രദേശങ്ങളില്‍ കോസ്റ്റ് ഗാര്‍ഡ് രക്ഷാപ്രവര്‍ത്തനങ്ങളില്‍ സജീവമായതിനു ദിവസങ്ങള്‍ക്ക് ശേഷമാണ് അപകടമുണ്ടായത്.

ഐസിജിയെ കൂടാതെ, ദേശീയ ദുരന്ത നിവാരണ സേനയും (എന്‍ഡിആര്‍എഫ്) അതിന്റെ സംസ്ഥാന കൌണ്ടര്‍ എസ്ഡിആര്‍എഫും, ഇന്ത്യന്‍ ആര്‍മിയും, ഇന്ത്യന്‍ എയര്‍ഫോഴ്‌സും ചേര്‍ന്ന് 17,000-ത്തിലധികം ആളുകളെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളില്‍ നിന്ന് മാറ്റിപ്പാര്‍പ്പിച്ചു.