ദന്തേവാഡ: ബിജാപുര്‍ ജില്ലകളുടെ അതിര്‍ത്തിയിലുള്ള വനത്തിലുണ്ടായ ഏറ്റുമുട്ടലില്‍ ഒന്‍പത് മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാസേന. രാവിലെ 10.30 ഓടെയാണ് സുരക്ഷാ സേനയുടെ സംയുക്ത സംഘം മാവോവാദി വിരുദ്ധ ഓപ്പറേഷന്‍ ആരംഭിച്ചത്. വെടിവെയ്പ്പിനിടെയാണ് ഒമ്പത് പേര്‍ കൊല്ലപ്പെട്ടത്. വന്‍തോതില്‍ ആയുധശേഖരവും കണ്ടെടുത്തതായി പോലീസ് വ്യക്തമാക്കി.

സിആര്‍പിഎഫും ഡിആര്‍ജി(ജില്ലാ റിസര്‍വ് ഗാര്‍ഡ്)യും ഉള്‍പ്പെടുന്നതാണ് സംയുക്ത സേനാസംഘം. മാവോവാദികളുടെ സാന്നിധ്യം സംബന്ധിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഓപ്പറേഷന്‍.

'ഏറെ നേരം നീണ്ടുനിന്ന വെടിവെയ്പ്പിനൊടുവില്‍ യൂണിഫോം ധരിച്ച ഒമ്പത് മാവോവാദികളുടെ മൃതദേഹങ്ങള്‍ സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്തു' ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഓപ്പറേഷന്‍ ഇപ്പോഴും തുടരുകയാണെന്നും പോലീസ് ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു.