ന്യൂഡല്‍ഹി: 'അസ്വസ്ഥമായ പ്രദേശം' എന്ന സായുധസേനയ്ക്ക് പ്രത്യേക അധികാരം നല്‍കുന്ന നിയമമായ 'അഫ്സ്പ' (AFSPA) അരുചാല്‍പ്രദേശിലേയും നാഗാലാന്‍ഡിലേയും ചില പ്രദേശങ്ങളില്‍ ആറ് മാസത്തേക്കുകൂടി നീട്ടി കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കി. നാഗാലാന്‍ഡിലെ എട്ട് ജില്ലകളിലും അരുണാചല്‍ പ്രദേശിലെ മൂന്ന് ജില്ലകളിലും മറ്റ് ചില പ്രദേശങ്ങളിലും ക്രമസമാധാനനില അവലോകനം ചെയ്തശേഷമാണ് ആറ് മാസത്തേക്ക് കൂടി അഫ്സ്പ നീട്ടിയത്.

സായുധ സേനയുടെ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിന് അഫ്സ്പ പ്രകാരം ഒരു പ്രദേശത്തെയോ ജില്ലയെയോ 'അസ്വസ്ഥമായ പ്രദേശം' എന്ന നിലയ്ക്കാണ് പ്രഖ്യാപിക്കുക. ഇത്തരത്തില്‍ അഫ്സ്പ പ്രഖ്യാപിച്ച പ്രദേശത്ത് സായുധസേനകള്‍ക്ക് പൊതു ക്രമസമാധാന പരിപാലനത്തിന് ആവശ്യമെന്ന് തോന്നുകയാണെങ്കില്‍ തിരച്ചില്‍ നടത്താനും അറസ്റ്റ് ചെയ്യാനും വെടിയുതിര്‍ക്കാനുമുള്ള അധികാരം ഈ നിയമം നല്‍കുന്നു.

ജമ്മു കശ്മീരില്‍ അഫ്‌സ്പ പ്രാബല്യത്തിലുണ്ടെങ്കിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ 70 ശതമാനം പ്രദേശങ്ങളിലും അഫ്സ്പ നീക്കംചെയ്തതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നേരത്തെ പറഞ്ഞിരുന്നു. ജമ്മു കശ്മീരിലും അഫ്സ്പ നീക്കം ചെയ്യുന്നത് സര്‍ക്കാരിന്റെ പരിണഗനയിലാണെന്നും ഷാ പറയുകയുണ്ടായി.