ബഹ്റൈച്: വന്യജീവികളുടെ സംഘർഷം പതിവായതോടെ ജനങ്ങളുടെ ജീവിതം വലഞ്ഞിരിക്കുകയാണ്. ഉത്തർപ്രദേശിലെ ബഹ്റൈച്ചുകാറിലാണ് സംഭവം നടന്നത്. എപ്പോഴും ആക്രമകാരികളായ വന്യജീവികളാണ് ഇവിടേക്ക് എത്തുന്നതെന്ന് നാട്ടുകാർ പറയുന്നു. ചെന്നായകൾ പിഞ്ചുകുഞ്ഞുങ്ങളെ അടക്കം ആക്രമിച്ചതിന് പിന്നാലെ പുള്ളിപ്പുലിയും മേഖലയിൽ ആളുകളെ ആക്രമിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കാട്ടാന ഗ്രാമവാസിയെ കുത്തികൊലപ്പെടുത്തിയത്.

ഈ കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഗ്രാമവാസി കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കട്ടാർനിയാഘാട്ട് വന്യജീവി സങ്കേതത്തിൽ നിന്നാണ് ജനവാസ മേഖലയിലേക്ക് അക്രമകാരികളായ മൃഗങ്ങൾ പതിവായി എത്തുന്നത്. വന്യജീവി ശല്യം വർധിച്ചതോടെ നാട്ടുകാർ മേഖലയിലെ റോഡുകൾ തടഞ്ഞ് പ്രതിഷേധം നടത്തിയിരുന്നു. മേഖലയിൽ വിലസുന്നത് മൂന്ന് കാട്ടാനകൾ ആയതിനാൽ വനപാതകളിലൂടെ പോവുന്നത് പൂർണമായും ഉപേക്ഷിക്കാനാണ് നാട്ടുകാരോട് വനംവകുപ്പ് ആവശ്യപ്പെടുന്നത്.

വെള്ളിയാഴ്ച രാവിലെ ഭവാനിപൂരിൽ നിന്ന് ഭാരതപൂരിലേക്ക് സൈക്കിളിൽ പോയിരുന്ന 26കാരനെയാണ് കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തിയത്. യുവാവിനെ സൈക്കിളിൽ നിന്ന് തുമ്പിക്കയ്യിൽ ചുറ്റി എടുത്ത ശേഷം സമീപത്തം കാട്ടിലേക്ക് വലിച്ചെറിഞ്ഞ ശേഷമാണ് കാട്ടാന മേഖലയിൽ നിന്ന് മടങ്ങിയത്. ബന്ധുക്കൾ എല്ലാരും കൂടി യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.