മുംബൈ: മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും ശിവസേന ബാലസാഹിബ് വിഭാഗം നേതാവുമായ ഉദ്ധവ് താക്കറെയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട താക്കറെയെ വിശദമായ പരിശോധനകള്‍ക്ക് വേണ്ടിയാണ് മുംബൈയിലെ റിലയന്‍സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നേരത്തെ ആന്‍ജിയോപ്ലാസ്റ്റിക് വിധേയനായിരുന്ന അദ്ദേഹത്തെ ഹൃദയാരോഗ്യവുമായി ബന്ധപ്പെട്ട പരിശോധനകള്‍ക്ക് വിധേയനാക്കി.

ഉദ്ധവ് താക്കറെ പൂര്‍ണ ആരോഗ്യവാനാണെന്നും പരിശോധനയില്‍ യാതൊരു പ്രശ്‌നവും കണ്ടെത്തിയിട്ടില്ലെന്നും ജനസേവനത്തിലേക്ക് മടങ്ങാന്‍ പൂര്‍ണ സജ്ജനാണെന്നും മകന്‍ ആദിത്യ താക്കറെ അറിയിച്ചു.

ഒക്ടോബര്‍ 12ന് ദസ്സറ റാലിക്ക് പിന്നാലെ ഉദ്ധവിന് ശാരീരിക അസ്വസ്ഥതകളുണ്ടായിരുന്നെന്നാണ് വിവരം. 2012ല്‍ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനായ താക്കറെയുടെ ഹൃദയധമനികളിലെ തടസ്സം നീക്കാന്‍ അന്ന് എട്ട് സ്റ്റെന്റുകള്‍ ഉപയോഗിച്ചിരുന്നു. അതേവര്‍ഷം നവംബറില്‍ വീണ്ടുമൊരു ആന്‍ജിയോപ്ലാസ്റ്റിക്ക് അദ്ദേഹം വിധേയനായിരുന്നു.