- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓണ്‍ലൈന്‍ ബെറ്റിംഗ് ആപ് കേസില്‍ നടി തമന്നയെ മണിക്കൂറുകളോളം ചോദ്യം ചെയ്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്
അമ്മയ്ക്കൊപ്പം ഉച്ചയ്ക്ക് ഒന്നരയോടെയാണു തമന്ന ഇ.ഡി ഓഫിസില്‍ എത്തിയത്
ഗുവാഹത്തി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗുമായി (ഐപിഎല്‍) ബന്ധപ്പെട്ട അനധികൃത വാതുവയ്പ് കേസില്‍ നടി തമന്ന ഭാട്ടിയയെ ചോദ്യം ചെയ്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). ഗുവാഹാത്തിയിലെ ഇഡി ഓഫീസില്‍ ഇന്ന് അമ്മയോടൊപ്പമാണ് തമന്ന എത്തിയത്. മണിക്കൂറുകളോളം ചോദ്യം ചെയ്യല്‍ തുടര്‍ന്നു. അനധികൃത വാതുവയ്പ് സംഭവങ്ങളില്‍ പ്രതിസ്ഥാനത്തുള്ള മഹാദേവ് ഓണ്‍ലൈന്‍ ഗെയിമിങ്ങിന്റെ ഉപകമ്പനി ആപ്പില്‍ ഐപിഎല്‍ മത്സരങ്ങള്‍ കാണാന്‍ പരസ്യം ചെയ്തതായി ആരോപിച്ചു തമന്നയ്ക്ക് ഇ.ഡി സമന്‍സ് അയച്ചിരുന്നു.
അമ്മയ്ക്കൊപ്പം ഉച്ചയ്ക്ക് ഒന്നരയോടെയാണു തമന്ന ഇ.ഡി ഓഫിസില്‍ എത്തിയത്. ചോദ്യം ചെയ്യല്‍ വൈകുന്നേരം വരെ തുടര്‍ന്നു. സ്പോര്‍ട്സ് ബെറ്റിങ് ഉള്‍പ്പെടെ വിവിധതരം ചൂതാട്ടങ്ങള്‍ വാഗ്ദാനം ചെയ്യുന്ന ബെറ്റിങ് എക്സ്ചേഞ്ച് പ്ലാറ്റ്ഫോമായ ഫെയര്‍പ്ലേ പ്രൊമോട്ട് ചെയ്യുന്നതിലെ പങ്കാണു പ്രധാനമായും തമന്നയോട് അന്വേഷിച്ചത്. മഹാദേവ് ഓണ്‍ലൈന്‍ ഗെയിമിങ് ആപ്പിന്റെ ഉപകമ്പനിയാണ് ഫെയര്‍പ്ലേ. മഹാദേവ് ആപ്പിന്റെ പ്രൊമോഷനല്‍ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായതിന് ബോളിവുഡ് താരങ്ങളായ രണ്‍ബീര്‍ കപൂറിനും ശ്രദ്ധ കപൂറിനും ഇ.ഡി നേരത്തേ സമന്‍സ് അയച്ചിരുന്നു.
ക്രിക്കറ്റ്, ഫുട്‌ബോള്‍, പോക്കര്‍ (ചീട്ടുകളി) തുടങ്ങി നിരവധി ഗെയിമുകളില്‍ അനധികൃത വാതുവയ്പിനുള്ള പ്ലാറ്റ്ഫോമുകള്‍ മഹാദേവ് ആപ്പ് ഒരുക്കുന്നതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. ആപ്പിന്റെ സ്ഥാപകന്‍ സൗരഭ് ചന്ദ്രകറിന് എതിരെയും അന്വേഷണമുണ്ട്. അനധികൃത പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതില്‍ പങ്കുണ്ടെന്നു സംശയിക്കുന്ന അഭിനേതാക്കളെയും മറ്റും ചോദ്യം ചെയ്തു. 2024 ഏപ്രിലില്‍, മുംബൈ സൈബര്‍ സെല്ലിലെ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ബോളിവുഡ് നടനും ഫിറ്റ്നസ് ഇന്‍ഫ്‌ലുവന്‍സറുമായ സാഹില്‍ ഖാനെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം, മഹാദേവ് ആപ്പുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി ശ്രദ്ധ കപൂറിനെയും രണ്‍ബീര്‍ കപൂറിനെയും ചോദ്യം ചെയ്തു. സൗരഭ് ചന്ദ്രകര്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തതിനു കൊമീഡിയന്‍ കപില്‍ ശര്‍മയ്ക്കു സമന്‍സ് അയച്ചിരുന്നു.