ഹൈദരാബാദ്: ഹൈദരാബാദിലെ പബില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നെന്ന പരാതിയെ തുടര്‍ന്ന് പൊലീസ് നടത്തിയ റെയ്ഡില്‍ 42 സ്ത്രീകളടക്കം 100ലധികം പേര്‍ അറസ്റ്റില്‍. ബന്‍ജാര ഹില്‍സിലെ ടി.ഒ.എസ് പബിലാണ് റെയ്ഡ് നടന്നത്. വിവിധ സംസ്ഥാനങ്ങളില്‍നിന്ന് യുവതികളെ എത്തിച്ച് ആളുകളെ ആകര്‍ഷിക്കാന്‍ അശ്ലീല നൃത്തം സംഘടിപ്പിക്കുന്നെന്നായിരുന്നു പ്രധാന പരാതി.

അറസ്റ്റിലായവരില്‍ പബ് മാനേജരും കാഷ്യറും ഡി.ജെ ഓപറേറ്ററുമെല്ലാം ഉള്‍പ്പെടുമെന്ന് പരിശോധനക്ക് നേതൃത്വം നല്‍കിയ അസി. കമീഷണര്‍ വെങ്കട് രമണ അറിയിച്ചു. റെയ്ഡിന് മുമ്പ് പബ് പൊലീസ് നിരീക്ഷണത്തിലായിരുന്നു.

ലഹരി മരുന്നുകള്‍ വ്യാപകമായി ഉപയോഗിക്കുന്നെന്ന പരാതിയെ തുടര്‍ന്ന് ഹൈദരാബാദിലെ നിരവധി പ്രമുഖ പബുകളില്‍ കഴിഞ്ഞ മാസം റെയ്ഡ് നടന്നിരുന്നു. ഇതില്‍ 33 പേരാണ് അറസ്റ്റിലായിരുന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ അറസ്റ്റിലായവര്‍ മയക്കുമരുന്ന് ഉപയോഗിച്ചതായി തെളിഞ്ഞിരുന്നു.