ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്യാഭ്യാസ ബിരുദത്തെക്കുറിച്ചുള്ള പരാമര്‍ശത്തില്‍ ഗുജറാത്ത് സര്‍വകലാശാല രജിസ്ട്രാര്‍ നല്‍കിയ മാനനഷ്ടക്കേസ് ചോദ്യം ചെയ്തുള്ള അരവിന്ദ് കെജ്‌രിവാളിന്റെ ഹര്‍ജി സുപ്രീം കോടതി തള്ളി. മാനനഷ്ടക്കേസില്‍ നല്‍കിയ സമന്‍സ് ചോദ്യം ചെയ്തുള്ള കെജ്‌രിവാളിന്റെ ഹര്‍ജി നേരത്തെ ഗുജറാത്ത് ഹൈക്കോടതി തള്ളിയിരുന്നു. ഈ ഉത്തരവിനെ ചോദ്യം ചെയ്താണ് മുന്‍ ഡല്‍ഹി മുഖ്യമന്ത്രി സുപ്രീം കോടതിയെ സമീപിച്ചത്.

ഇതേ നടപടികള്‍ ചോദ്യം ചെയ്ത് നേരത്തെ കേസില്‍ ഉള്‍പ്പെട്ട സഞ്ജയ് സിംഗ് സമര്‍പ്പിച്ച ഹര്‍ജി ഈ വര്‍ഷം ഏപ്രിലില്‍ സുപ്രീം കോടതി തള്ളിയിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസുമാരായ ഹൃഷികേശ് റോയ്, എസ് വി എന്‍ ഭട്ടി എന്നിവരടങ്ങിയ ബെഞ്ച് കെജ്‌രിവാളിന്റെ ഹര്‍ജിയും തള്ളിയത്. എല്ലാ തര്‍ക്കങ്ങളും വിചാരണയില്‍ തീര്‍പ്പുകല്‍പ്പിക്കാമെന്നും വിഷയത്തിന്റെ മെറിറ്റിലേക്ക് പോകുന്നില്ലെന്നും സുപ്രീം കോടതി ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അക്കാദമിക് യോഗ്യതയേയും ഗുജറാത്ത് സര്‍വകലാശാലയില്‍ നിന്നുള്ള ബിരുദത്തിന്റെ സാധുതയേയും ചോദ്യം ചെയ്ത് പൊതുവേദികളിലും പത്രസമ്മേളനങ്ങളിലും കെജ്രിവാള്‍ നടത്തിയ പരാമര്‍ശങ്ങളെ തുടര്‍ന്നാണ് ഗുജറാത്ത് സര്‍വകലാശാല മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്. സര്‍വകലാശാല മോദിയുടെ ബിരുദവുമായി ബന്ധപ്പെട്ട രേഖകളൊന്നും പ്രസിദ്ധീകരിക്കാത്തത് അത് വ്യാജമായതുകൊണ്ടാണോ എന്നായിരുന്നു കെജ്രിവാള്‍ ചോദിച്ചത്. തുടര്‍ന്ന് ഇത്തരം പരാമര്‍ശങ്ങള്‍ സര്‍വകലാശാലയെ അപകീര്‍ത്തിപ്പെടുത്തുന്നതും സര്‍വകലാശാലയുടെ പ്രശസ്തിയെ ബാധിക്കുന്നതുമാണെന്നും ചൂണ്ടിക്കാട്ടി സര്‍വകലാശാല രജിസ്ട്രാര്‍ പിയൂഷ് പട്ടേലാണ് കെജ്രിവാളിനും എ.എ.പി. നേതാവ് സഞ്ജയ് സിങ്ങിനുമെതിരേ ക്രിമിനല്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്.

മോദിയുടെ ബിരുദം സര്‍വകലാശാല പ്രസിദ്ധീകരിക്കാത്തത് എന്തുകൊണ്ടാണെന്നും ബിരുദം വ്യാജമായതുകൊണ്ടാണോ എന്നും കെജ്രിവാളിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഡോ. അഭിഷേക് മനു സിങ്വി ചോദ്യം ഉന്നയിച്ചു. പ്രസ്താവന അപകീര്‍ത്തികരമാണെങ്കില്‍, ക്രിമിനല്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യേണ്ടത് മോദിക്ക് വേണ്ടിയാണെന്നും ഗുജറാത്ത് യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍ക്ക് വേണ്ടിയല്ലെന്നും സിങ്വി കൂട്ടിച്ചേര്‍ത്തു. പ്രസ്താവനകള്‍ ഒരു കാരണവശാലും സര്‍വകലാശാലയെ അപകീര്‍ത്തിപ്പെടുത്തുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.

സഞ്ജയ് സിംഗ് കേസില്‍ പുറപ്പെടുവിച്ച ഉത്തരവാണ് യൂണിവേഴ്‌സിറ്റിക്കായി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ചൂണ്ടിക്കാട്ടിയത് സഞ്ജയ് സിംഗിന്റെ പ്രസ്താവനകള്‍ വ്യത്യസ്തമാണെന്ന് ഇതോടെ ഡോ. അഭിഷേക് മനു സിങ്വി വാദിച്ചു. ഒരു ഘട്ടത്തില്‍, തന്റെ പ്രസ്താവനയില്‍ ഖേദം പ്രകടിപ്പിക്കാന്‍ കെജ്രിവാള്‍ തയ്യാറാണെന്നും അഭിഭാഷകന്‍ പറഞ്ഞു. എന്നാല്‍, ഇതിനെ ശക്തമായി എതിര്‍ത്ത സോളിസിറ്റര്‍ ജനറല്‍, പരാതിക്കാരന് അശ്രദ്ധമായി പ്രസ്താവനകള്‍ നടത്തുകയും പിന്നീട് മാപ്പ് പറയുകയും ചെയ്യുന്ന ശീലമുണ്ടെന്നും മറുപടി നല്‍കി.

ഇതേ വിഷയത്തില്‍ സഞ്ജയ് സിങിന്റെ കാര്യത്തില്‍ കോടതി സ്വീകരിച്ച നിലപാട് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസുമാരായ ഹൃഷികേശ് റോയിയും എസ്.വി.എന്‍ ഭാട്ടിയും ഉള്‍പ്പെടുന്ന ബെഞ്ച് കെജ്രിവാളിന്റെ ഹര്‍ജിയും തള്ളിയത്. ഫെബ്രുവരിയില്‍ ഗുജറാത്ത് ഹൈക്കോടതി തന്റെ മുന്‍കൂര്‍ ഹര്‍ജി തള്ളിയതിന് പിന്നാലെയാണ് കെജ്രിവാള്‍ സുപ്രീം കോടതിയെ സമീപിച്ചത്.

2016-ല്‍ കെജ്രിവാളിന്റെ ആവശ്യപ്രകാരം കേന്ദ്ര വിവരാവകാശ കമ്മീഷന്‍ (സി.ഐ.സി.) ഡല്‍ഹി സര്‍വകലാശാലയോടും ഗുജറാത്ത് സര്‍വകലാശാലയോടും പ്രധാനമന്ത്രി മോദിയുടെ ബിരുദത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ നിര്‍ദേശിച്ചതോടെയാണ് കേസിന്റെ തുടക്കം.