ആളുകളെ മാറ്റിപ്പാര്‍പ്പിക്കും; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മൂന്ന് ദിവസം അവധി; 200 ട്രെയിന്‍ റദ്ദാക്കി; ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിന് ആറ് ഐഎഎസ് ഉദ്യോഗസ്ഥര്‍; ഡാന ചുഴലിക്കാറ്റ് നേരിടാന്‍ ഒഡീഷഭുവനേശ്വര്‍: ഡാന ചുഴലിക്കാറ്റ് നാളെ രാത്രിയോടെ ഒഡീഷ തീരം തൊടുമെന്ന മുന്നറിയിപ്പിനിടെ ദുരിതാശ്വാസ - രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് സജ്ജമായി ഒഡീഷ. ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നുള്ള ന്യൂനമര്‍ദം ശക്തി പ്രാപിച്ച് 25നു പുലര്‍ച്ചെ വടക്കന്‍ ഒഡീഷ, ബംഗാള്‍ തീരങ്ങള്‍ക്കിടയില്‍ കര തൊടുമെന്നാണ് അറിയിപ്പ്. മണിക്കൂറില്‍ 100-110 കിലോമീറ്റര്‍ വേഗത്തില്‍ വീശിയടിക്കുന്ന ശക്തമായ ചുഴലിക്കാറ്റായി ന്യൂനമര്‍ദം മാറുമെന്നും മുന്നറിയിപ്പുണ്ട്. ഡാന ചുഴലിക്കാറ്റ് സംസ്ഥാനത്തിന്റെ വടക്കന്‍ ഭാഗങ്ങളില്‍ ആഘാതം സൃഷ്ടിക്കുമെന്നു കരുതി, മുന്‍ അനുഭവങ്ങളുടെ പിന്‍ബലത്തിലാണു സര്‍ക്കാരിന്റെ തയാറെടുപ്പ്.

മണിക്കൂറില്‍ 100-110 കിലോമീറ്റര്‍ വേഗത്തില്‍ വീശുന്ന ചുഴലിക്കാറ്റ്, 24ന് രാത്രിയിലും 25ന് പുലര്‍ച്ചെയുമായി പുരിക്കും സാഗര്‍ ദ്വീപിനും ഇടയിലൂടെയാണു വടക്കന്‍ ഒഡീഷ, ബംഗാള്‍ തീരങ്ങളിലൂടെ കടന്നുപോവുക. ബാലസോര്‍, ഭദ്രക്, മയൂര്‍ഭഞ്ച്, ജഗത്സിങ്പുര്‍, പുരി തുടങ്ങിയ ജില്ലകളില്‍ വലിയ ആഘാതം ഉണ്ടാകുമെന്നാണു കണക്കുകൂട്ടുന്നത്. കലക്ടര്‍മാരായിരിക്കെ ചുഴലിക്കാറ്റ് ദുരന്തം നേരിട്ടുപരിചയമുള്ള 6 മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥരെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ സഹായിക്കാന്‍ ഈ ജില്ലകളില്‍ വിന്യസിച്ചു.

ചുഴലിക്കാറ്റടിക്കുന്ന ജില്ലകളിലെ സമീപ പ്രദേശങ്ങളില്‍ കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ട്. 14 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു ബുധനാഴ്ച മുതല്‍ വെള്ളിയാഴ്ച വരെ അവധി നല്‍കി. ഈസ്റ്റ് കോസ്റ്റ് റെയില്‍വെ 200 ട്രെയിനുകള്‍ റദ്ദാക്കി. നേരത്തേതു പോലെ, ഒരാളുടെ പോലും ജീവന്‍ നഷ്ടമാകരുതെന്ന ചിന്തയില്‍ അപകടസാധ്യതാ പ്രദേശങ്ങളില്‍നിന്ന് ആളുകളെ ഒഴിപ്പിക്കാന്‍ ജില്ലാ ഭരണകൂടങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.

''ഗര്‍ഭിണികള്‍, കുട്ടികള്‍, പ്രായമായവര്‍ എന്നിവരെ മാറ്റിപ്പാര്‍പ്പിക്കുന്നതിനാണു മുന്‍ഗണന. 800ലേറെ വിവിധോദ്ദേശ്യ ഷെല്‍ട്ടറുകള്‍ക്കു പുറമെ, സ്‌കൂള്‍, കോളജ് കെട്ടിടങ്ങളിലായി 500 താല്‍ക്കാലിക ക്യാമ്പുകളും ഒരുക്കി. പാകം ചെയ്ത ഭക്ഷണം ഉള്‍പ്പെടെ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ക്യാമ്പുകളില്‍ ഉറപ്പാക്കും'' സംസ്ഥാന റവന്യു, ദുരന്ത നിവാരണ മന്ത്രി സുരേഷ് പുജാരി പറഞ്ഞു. എല്ലാ എംഎല്‍എമാരും അവരവരുടെ നിയോജക മണ്ഡലങ്ങളില്‍ തുടരണമെന്നു മുഖ്യമന്ത്രി മോഹന്‍ ചരണ്‍ മാജി ആവശ്യപ്പെട്ടു.

ഒഡീഷ ദുരന്ത പ്രതികരണ സേനയുടെ 20 ടീമുകളെയും ദേശീയ ദുരന്ത പ്രതികരണ സേനയുടെ 10 ടീമുകളെയും വിന്യസിച്ചിട്ടുണ്ട്. ഡോക്ടര്‍മാരുടെ അവധി റദ്ദാക്കി ആരോഗ്യ കേന്ദ്രങ്ങളിലേക്കു തിരികെ വിളിച്ചു. വയറിളക്കം, വിഷചികിത്സാ ഇഞ്ചക്ഷനുകള്‍ ഉള്‍പ്പെടെ മതിയായ മരുന്നുകള്‍ ഉറപ്പാക്കാന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കി. സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശത്തെ തുടര്‍ന്നു സഞ്ചാരികളും തീര്‍ഥാടകരും പുരിയില്‍നിന്നു മടങ്ങുകയാണ്. എല്ലാ സ്മാരകങ്ങളും മ്യൂസിയങ്ങളും 2 ദിവസത്തേക്ക് അടച്ചിടുമെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ പ്രഖ്യാപിച്ചു.