മുംബൈ: ഡല്‍ഹി വിമാനത്താവളത്തില്‍ വ്യാജ മനുഷ്യബോംബ് ഭീഷണിയില്‍ അന്വേഷണം. ശരീരത്തില്‍ ബോംബ് ധരിച്ച ഒരു യാത്രക്കാരി മുംബൈ- ഡല്‍ഹി വിമാനത്തില്‍ യാത്രചെയ്യുന്നുണ്ടെന്നായിരുന്നു സന്ദേശം. വെള്ളിയാഴ്ചയായിരുന്നു ഭീഷണി സന്ദേശം ലഭിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഭീഷണി വ്യാജമാണെന്നും അന്ധേരി സ്വദേശിയായ വ്യക്തിയാണ് ഭീഷണിയ്ക്ക് പിന്നിലെന്നും വ്യക്തമായി. കുടുംബപ്രശ്നത്തിന്റെ പകയില്‍ വയോധികയുടെ മരുമകനാണ് വ്യാജസന്ദേശം നല്‍കിയതെന്ന് കണ്ടെത്തി.

വിമാനത്തില്‍ 90 ലക്ഷംരൂപയുമായി ആണ്‍സുഹൃത്തിനെ കാണാന്‍ പോകുന്ന ബോംബ് ധാരിയായ ഒരു സ്ത്രീ ഉണ്ടെന്നായിരുന്നു ഡല്‍ഹി എയര്‍പോര്‍ട്ട് കണ്‍ട്രോള്‍ റൂമില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ 1.30-ന് ലഭിച്ച ഭീഷണി സന്ദേശം. മുംബൈയില്‍നിന്ന് ഡല്‍ഹിയിലേക്ക് ബോംബ് ധാരിയായ സത്രീ യാത്രചെയ്യുന്നുണ്ട്. അവിടെനിന്ന് അവര്‍ ഉസ്ബൈക്കിസ്ഥാനിലേക്ക് പോകും. കൈവശം 90 ലക്ഷം രൂപയുമായാണ് അവരുടെ യാത്ര എന്നായിരുന്നു ഫോണ്‍ സന്ദേശം.

ഈ സന്ദേശം ഉടന്‍തന്നെ മുബൈയിലെ അധികാരികള്‍ക്ക് കൈമാറുകയും അവിടെനിന്ന് വെള്ളിയാഴ്ച പുലര്‍ച്ചെ 1.30 നും ഉച്ചയ്ക്ക് രണ്ടിനും ഇടയില്‍ ഡല്‍ഹിയിലേയ്ക്ക് ടിക്കറ്റ് എടുത്തിരിക്കുന്ന യാത്രക്കാരുടെ ലിസ്റ്റ് എയര്‍പോര്‍ട്ട് അധികൃതര്‍ പരിശോധിക്കുകയും ചെയ്തു. കൂടാതെ, ഡല്‍ഹി വിമാനത്താവളത്തിലെ യാത്രക്കാരുടെ ലിസ്റ്റും പരിശോധിച്ചു. അതിലൊന്നും സന്ദേശത്തില്‍ പറഞ്ഞ ആളെ കണ്ടെത്താനായില്ല.

ഫോണ്‍കോള്‍ അനുസരിച്ച് സഹര്‍ പോലീസ് അന്ധേരിയിലെ വിലാസത്തില്‍ നടത്തിയ അന്വേഷണം അറുപതുകാരിയിലേക്കെത്തുകയായിരുന്നു. അവര്‍ വിമാനടിക്കറ്റ് ബുക്ക്ചെയ്തിട്ടുണ്ടായിരുന്നില്ല. തുടര്‍ന്നുള്ള അന്വേഷണത്തില്‍ കുടുംബപ്രശ്നത്തിന്റെ ഫലമായി വയോധികയുടെ മരുമകനാണ് വ്യാജസന്ദേശം നല്‍കിയതെന്ന് കണ്ടെത്തി.

കഴിഞ്ഞ രണ്ടാഴ്ചയോളമായി രാജ്യത്തെ വിവിധ വിമാന സര്‍വീസുകള്‍ക്ക് ഭീഷണി സന്ദേശം ലഭിച്ചുകൊണ്ടിരിക്കുകയാണ്. ഞായറാഴ്ച മാത്രം 50 -ല്‍ അധികം ഭീഷണി സന്ദേശങ്ങളാണ് ലഭിച്ചത്. ഒക്ടോബര്‍ 14 മുതല്‍ 25 വരെ ബോംബ് ഭീഷണിയുമായിബന്ധപ്പെട്ട് 13 എഫ്.ഐ.ആറുകളാണ് സഹര്‍ പോലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഈ മാസം 13-ന് ട്വിറ്ററില്‍ വ്യാജബോംബ് ഭീഷണി ഉയര്‍ത്തിയ ഛത്തീസ്ഗഢുകാരനായ 17-കാരനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.