മുബൈ: നിയമസഭ തെരഞ്ഞെടുപ്പിന്റെ പ്രചാരണം ശക്തമായി തുടരുന്നതിനിടെ ശിവസേനാ നേതാവ് ഷെയ്‌ന എന്‍.സി.ക്കെതിരെ ശിവസേന ഉദ്ധവ് വിഭാഗം എം.പി. അരവിന്ദ് സാവന്ത് നടത്തിയ അധിക്ഷേപ പരാമര്‍ശത്തില്‍ കേസെടുത്ത് പോലീസ്. രണ്ടുദിവസം മുമ്പാണ് ഷെയ്‌നയെ കുറിച്ച് സംസാരിക്കവെ അരവിന്ദ് വിവാദ പരാമര്‍ശം നടത്തിയത്. ഭാരതീയ ന്യായസംഹിത 79, 356 എന്നീ വകുപ്പുകള്‍ പ്രകാരമാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

'അവര്‍ ഇതുവരെ ബി.ജെ.പിക്കൊപ്പമായിരുന്നു. അവിടെ സീറ്റ് കിട്ടാത്തതിനാല്‍ മറ്റൊരു പാര്‍ട്ടിയിലേക്ക് പോയി. ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങള്‍ ഇവിടെ സ്വീകരിക്കില്ല. ഒറിജിനല്‍ ഉത്പന്നങ്ങളേ സ്വീകരിക്കൂ' എന്നാണ് ഷെയ്നയെ ഉന്നംവെച്ച് അരവിന്ദ് സാവന്ത് മാധ്യമങ്ങളോട് പറഞ്ഞത്.

മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞടുപ്പിന് മുന്നോടിയായി ഏക്നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള ശിവസേന വിഭാഗത്തില്‍ ചേരാനായി ഷെയ്‌ന ബി.ജെ.പിയില്‍ നിന്ന് രാജിവെച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് അരവിന്ദ് സാവന്തിന്റെ പരാമര്‍ശം.

അരവിന്ദ് സാവന്തിനെതിരെ നാഗ്പാഡാ പോലീസ് സ്റ്റേഷനിലാണ് ഷെയ്‌ന പരാതി നല്‍കിയത്. സംഭവത്തില്‍ ശിവസേന ഉദ്ധവ് നേതൃത്വം മൗനം പാലിക്കുന്നതിനെതിരെയും അവര്‍ ചോദ്യമുയര്‍ത്തി.

മുമ്പ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് അരവിന്ദ് സാവന്തിനൊപ്പം ഞാനും പങ്കെടുത്തിട്ടുണ്ട്. ഇപ്പോള്‍ ഞാന്‍ ഇറക്കുമതി ചെയ്ത ഉത്പന്നമായോ? ഞാന്‍ നിങ്ങളുടെ ഉത്പന്നമല്ലെന്നും ഷെയ്‌ന പറഞ്ഞു.