ന്യൂഡല്‍ഹി: ശിവസേന (യുബിടി) വിഭാഗം നേതാവ് അരവിന്ദ് സാവന്ദ് ഷിന്‍ഡെ വിഭാഗം സ്ഥാനാര്‍ഥി ഷൈന എന്‍.സി.ക്കെതിരെ നടത്തിയ സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ ഇന്ത്യ സഖ്യത്തെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിപക്ഷം വനിതാ നേതാക്കള്‍ക്കെതിരേ അസഭ്യം ഭാഷ പ്രയോഗിക്കുന്നുവെന്ന് പ്രധാനമന്ത്രി ആരോപിച്ചു.

അമ്മമാരും പെണ്‍കുട്ടികളും ഞെട്ടലിലാണ്, ജനം അവരെ പാഠം പഠിപ്പിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ജാര്‍ഖണ്ഡില്‍ മുഖ്യമന്ത്രി ഹേമന്ദ് സോറന്റെ സഹോദരഭാര്യ സീതാ സോറനേയും കോണ്‍ഗ്രസ് അപമാനിക്കുകയാണെന്നും മോദി പറഞ്ഞു. ജാര്‍ഖണ്ഡിലെ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ വെച്ചായിരുന്നു മോദിയുടെ പ്രതികരണം.

ബിജെപി വിട്ട് ശിവസേന ഷിന്‍ഡെ വിഭാഗത്തിലെത്തി സ്ഥാനാര്‍ഥിയായ ഷൈന എന്‍.സി.ക്കെതിരായിരുന്നു അരവിന്ദ് സാവന്ദിന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശം.

ഇറക്കുമതി ചെയ്ത 'മാല്‍' എന്നായിരുന്നു അരവിന്ദ് സാവന്ദിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശം. എന്നാല്‍ താന്‍ 'മാല്‍' അല്ലെന്നും മുബൈയുടെ മകളാണെന്നും കഴിഞ്ഞ് 20 വര്‍ഷത്തോളമായി പ്രവര്‍ത്തിച്ചു വരുന്നുണ്ടെന്നും ഷൈന എന്‍.സി. പറഞ്ഞു. ബിജെപി കേന്ദ്രങ്ങള്‍ വന്‍തോതില്‍ ഇത് രാഷ്ട്രീയ വിഷയമായി കൊണ്ടുവരികയായിരുന്നു. ഇതിനിടെയാണ് പ്രധാനമന്ത്രിയുടേയും വിമര്‍ശനം.